വൈഷ്ണ ബന്ധം വേർപെടുത്താനിറങ്ങി, ബിനു തീകൊളുത്തി
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ പാപ്പനംകോട് ജംഗ്ഷനിൽ പട്ടാപ്പകൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഏജൻസി ഓഫീസിലെ ജീവനക്കാരി വൈഷ്ണയെ (34) തീകൊളുത്തിയശേഷം ആത്മഹത്യ ചെയ്തത് രണ്ടാം ഭർത്താവ് ബിനുവാണെന്ന് (46) പൊലീസ് കണ്ടെത്തി.
സി.സി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള സാഹചര്യത്തെളിവുകളും മൊഴികളിൽ നിന്നുമാണ് ബിനുവിലേക്ക് പൊലീസ് എത്തിയത്. അകന്നു കഴിഞ്ഞിരുന്ന ബിനുവിനെ ഒഴിവാക്കാൻ വൈഷ്ണ നിയമനടപടികൾ ആരംഭിച്ചതിലെ വിരോധമാണ് കൃത്യത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
നരുവാമൂട് ചെമ്മണ്ണിക്കുഴി കിഴക്കുംകര വീട്ടിൽ നെയ്ത്തു തൊഴിലാളിയായ കേശവപ്പണിക്കരുടെയും സരോജത്തിന്റെയും മകനാണ് ബിനു. മൃതദേഹം തിരിച്ചറിയാനാകാതെ കത്തിക്കരിഞ്ഞതിനാൽ ഡി.എൻ.എ പരിശോധന ഫലം കൂടി പൊലീസിന് ലഭിക്കണം.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ്.ഡി.എൻ.എ പരിശോധനയ്ക്കായി ബിനുവിന്റെ അമ്മയുടെയുടെയും സഹോദരന്റെയും രക്തസാമ്പിൾ ശേഖരിച്ചു.
വൈഷ്ണയുടെ മൃതദേഹവും തിരിച്ചറിയാനാകെ കത്തിയെങ്കിലും ധരിച്ചിരുന്ന ആഭരണങ്ങൾ സഹോദരൻ തിരിച്ചറിഞ്ഞതോടെയാണ് ഉറപ്പിച്ചത്.വൈഷ്ണയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ബന്ധുക്കൾക്ക് നൽകി.പാപ്പനംകോട് ദിക്കുബലിക്കളം റോഡ് നടുവത്ത് ശിവപ്രസാദത്തിൽ എത്തിച്ച ശേഷം മൂന്നോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.
ആദ്യ ഭർത്താവുമായി പിരിഞ്ഞശേഷം അയാളുടെ സുഹൃത്തായ ബിനുവുമായി വൈഷ്ണ അടുപ്പത്തിലായി. മൂന്ന് വർഷം മുൻപ് രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം നടന്നു.എന്നാൽ ഇവർക്കിടയിലും സംശയങ്ങൾ ഉടലെടുത്തു.ഏഴുമാസം മുമ്പ് പിരിഞ്ഞ് ജീവിക്കാൻ തുടങ്ങി.ആദ്യവിവാഹത്തിലെ രണ്ടുമക്കൾക്കൊപ്പം കഴിഞ്ഞിരുന്ന വൈഷ്ണ അടുത്തിടെ ബിനുവുമായുള്ള ബന്ധം വേർപ്പെടുത്താനുള്ള നിയമനടപടികൾ തുടങ്ങി. വൈഷ്ണ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായി അറിഞ്ഞാണ് ബിനു കൊലപാതകത്തിനും ആത്മഹത്യയ്ക്കും തയ്യാറെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഒന്നിച്ചു താമസിച്ചിരുന്നെങ്കിലും വിവാഹം രജിസ്റ്റർ ചെയ്തതായി അധികമാർക്കും അറിവില്ല.എന്നാൽ വൈഷ്ണയുടെ സഹോദരൻ വിഷ്ണു ഇന്നലെ ഇക്കാര്യം പൊലീസിനോട് സ്ഥിരീകരിച്ചു.
പെട്രോളോ ടർപ്പൻടൈനോ?
തീകൊളുത്താൻ ബിനു പെട്രോളോ പെയിന്റിംഗിന് ഉപയോഗിക്കുന്ന ടർപ്പൻടൈൻ പോലുള്ള ദ്രാവകമാണോ ആണ് ഉപയോഗിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. പെയിന്റിംഗ് ജോലിക്ക് ഉൾപ്പെടെ പോകുന്ന ബിനുവിന്റെ വീട്ടിൽ ഈ വസ്തുക്കളുണ്ട്.ഫോറൻസിക് ലാബിൽ നിന്നുള്ള ഫലം വന്നാലേ ഇക്കാര്യം ഉറപ്പിക്കാനാകൂ.
ഡി.എൻ.എ ഫലം ലഭിക്കുന്നതിനു മുമ്പ് ബിനുവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടാൽ ആവശ്യമായ നടപടി സ്വീകരിക്കും.
ആർ.രഗീഷ് കുമാർ
നേമം എസ്.എച്ച്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |