നാഗർകോവിൽ: തമിഴ്നാട് നോർത്ത് പനംകുടി ആരുവാമൊഴി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ റെയിൽപ്പാളത്തിൽ ഭീമൻകല്ലുവച്ച കേസിലെ പ്രതിയെ പിടികൂടി. ഭൂതപ്പാണ്ടി, തെരുശംകോപ്പ് കറുപ്പ് സ്വാമി(27) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 2ന് കറുപ്പ് സ്വാമിയുടെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അരിവാൾമൊഴിയിലെ കുടുംബ വീട്ടിലെത്തിയ കറുപ്പ് സ്വാമിയെ ബന്ധുക്കൾ കളിയാക്കി. ഇതിന്റെ വൈരാഗ്യത്തിൽ മദ്യലഹരിയിലായിരുന്ന ഇയാൾ പാളത്തിന് സമീപം സൂക്ഷിച്ചിരുന്ന ഭീമൻ കല്ല് ഉരുട്ടി പാളത്തിൽ വയ്ക്കുകയായിരുന്നു. അതുവഴി വന്ന ഗുഡ്സ് ട്രെയിൻ കല്ലിൽ തട്ടുകയും സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ പ്രതിയുടെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും റെയിൽവേ പൊലീസും നാഗർകോവിൽ ആർ.പി.എഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് അരിവാൾമൊഴിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. ഇയാൾ കഞ്ചാവിനും ലഹരികൾക്കും അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഒരുമാസത്തോളം സി.സി.ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയതെന്ന് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ.എ.ജെ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |