പേരൂർക്കട,പുലയനാർകോട്ട ആശുപത്രികളിൽ ബദൽ സംവിധാനം
തിരുവനന്തപുരം: തലസ്ഥാനത്തെ ജനറൽ ആശുപത്രിയുടെ മുഖംമിനുക്കാൻ മാസ്റ്റർപ്ലാൻ പ്രകാരമുള്ള നടപടികൾ ആരംഭിച്ചെങ്കിലും ആരോഗ്യവകുപ്പിന് കീഴിലുള്ള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ (ഡി.എം.ഇ)പിടിവാശി പ്രതിസന്ധിയാകുന്നു. ജനറൽ ആശുപത്രി വളപ്പിൽ പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കാനായി നിർമ്മിച്ച ബഹുനില കെട്ടിടത്തിൽ ഇഷ്ടാനുസരണം സ്ഥലമുണ്ടെങ്കിലും താത്കാലിക ക്രമീകരണം ഒരുക്കാൻ പോലും വിട്ടുനൽകാത്ത സ്ഥിതിയാണ്.
മാസങ്ങൾക്കു മുമ്പ് ചേർന്ന ഉന്നതലയോഗത്തിൽ ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങൾ പൊളിക്കുന്ന മുറയ്ക്ക് ഒ.പികളും വാർഡുകളും ഈ കെട്ടിടത്തിൽ ക്രമീകരിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുമായി ധാരണയായെങ്കിലും ഫലമുണ്ടായില്ല.
നിലവിൽ ഒഫ്താൽമോളജി,റെസ്പറേറ്ററി മെഡിസിൻ,ഓങ്കോളജി ഒ.പികൾ പഴയ ഗവ.പേവാർഡിലേക്ക് മാറ്റി. ഈ വാർഡുകൾ 10,11വാർഡുകളോട് ചേർക്കും. എന്നാൽ വരും ദിവസങ്ങളിൽ സർജറി ഉൾപ്പെടെയുള്ള ഒ.പികളും വാർഡുകളും മാറ്റേണ്ടിവരുമ്പോൾ പ്രതിസന്ധിയാകും. ഇതോടെ പേരൂർക്കട, പുലയനാർകോട്ട ആശുപത്രികളിലേക്ക് രോഗികളെ മാറ്റാനാണ് നീക്കം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ബഹുനില മന്ദിരത്തിന്റെ ഒരു വശത്ത് മെഡിക്കൽ ട്രോമകെയർ ട്രെയിനിംഗ് സെന്റർ മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കി സ്ഥലങ്ങൾ
വൃത്തിയാക്കി വിവിധ ഒ.പികളും വാർഡുകളും ക്രമീകരിച്ചാൽ രോഗികൾക്ക് വലിയ ആശ്വാസമാകും. മൂന്നു വർഷത്തോളം നീളുന്ന ആശുപത്രിയുടെ മുഖം മാറുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
വിട്ടുനൽകാത്തതിന് കാരണം
ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിലുള്ള ജനറൽ ആശുപത്രിക്ക് വിട്ടുനൽകിയാൽ കെട്ടിടം തിരികെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കില്ലെന്ന ഡി.എം.ഇ തലത്തിലുള്ള വിലയിരുത്തലാണ് തിരിച്ചടിയായത്. കൊവിഡു കാലത്ത് ഈ കെട്ടിടം വിട്ടുനൽകാൻ കളക്ടറുടെ യോഗത്തിൽ ധാരണയായെങ്കിലും നൽകിയില്ല.
എയിംസ് മാതൃക, 207 കോടി
ഡൽഹി എയിംസിന്റെ മാതൃകയിലാണ് ആശുപത്രി പുതുക്കിപ്പണിയുന്നത്
മാസ്റ്റർപ്ലാൻ നിർമ്മാണപ്രവർത്തനത്തിന് ആകെ ചെലവ് 207കോടി (കിഫ്ബിയിലൂടെ)
ഫാർമസിയടക്കം പ്രവർത്തിക്കുന്ന ഓടിട്ട കെട്ടിടവും പൈതൃക കെട്ടിടമായി നിലനിറുത്തും
പൊളിക്കുന്നത് ഇങ്ങനെ
പ്രധാന ഓഫീസ് കെട്ടിടത്തിലെ ഒന്ന്,രണ്ട് വാർഡുകൾ മെഡിക്കൽ റെക്കാഡ് ലൈബ്രറി,ഡോക്ടർമാരുടെ വിശ്രമമുറി അടങ്ങുന്ന കെട്ടിടം,ഹെൽത്ത് ഇൻസ്‌പെക്ടേഴ്സ് ആൻഡ് ഒഫ്താൽമോളജി കെട്ടിടം,നഴ്സിംഗ് സൂപ്രണ്ട് ഓഫീസ്,അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെ പീഡിയാട്രിക് ഒ.പി,ആർ.ജി.സി.ബി ലാബ് കെട്ടിടം,ക്യാന്റീൻ,വാർഡ് പത്ത്,ആറ്,ഏഴ്,രണ്ടാം വാർഡിനടുത്തുള്ള സെക്യൂരിറ്റി മുറി,രണ്ടാം വാർഡിനടുത്തുള്ള കിയോസ്‌ക് എന്നിവയാണ് പൊളിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |