കിളിമാനൂർ: വേനൽ മാറുന്നതോടെ റബർ ടാപ്പിംഗ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ. മഴയ്ക്ക് മുൻപായി വേനലിൽ തന്നെ റബറുകൾക്ക് റെയിൻ ഗാർഡിംഗ് നടത്തും. എന്നാൽ ഇത്തവണ അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതുമൂലം മഴക്കാലത്തിന് മുന്നോടിയായി റബർ മരങ്ങളുടെ റെയിൻ ഗാർഡിംഗും നടന്നില്ല.ടാപ്പിംഗ് തുടരാനാഗ്രഹിക്കുന്നവരെ വെട്ടിലാക്കുന്നതാണ് പ്ളാസ്റ്റിക്കും പശയും അടക്കമുള്ള വസ്തുക്കളുടെ വിലക്കയറ്റം.സാധാരണയായി ഏപ്രിൽ, മേയ് മാസങ്ങളിലാണ് റെയിൻ ഗാർഡുകൾ സ്ഥാപിക്കുന്നത്. മലയോരത്തെ തോട്ടങ്ങളിൽ ഭൂരിഭാഗവും ജോലികൾ പൂർത്തിയാകുന്നതാണ്. തൊഴിലാളികൾക്ക് അധിക വരുമാനം കൂടി ലഭിക്കുന്ന ഒന്നു കൂടിയാണിത്.ഒരു ഹെക്ടറിൽ 300 - 400 മരങ്ങൾ വരെയുണ്ടാവും. 30 കിലോ പശയും 12 കിലോ പ്ലാസ്റ്റിക്കും നാലുപെട്ടി പിന്നും അരക്കിലോ ബെൽറ്റും വേണമെന്നാണ് ഏകദേശ കണക്ക്. ശരാശരി ഒരു മരത്തിന് ഇപ്പോൾ കുറഞ്ഞത് 35 രൂപ ചെലവാകും. ഭൂരിഭാഗം തോട്ടങ്ങളിലും റെയിൻ ഗാർഡിംഗ് നടന്നിട്ടില്ല.
പശയ്‌ക്ക് വർദ്ധിച്ചത് 10 രൂപ
25 കിലോയുടെ പാത്രം : 1610
പ്ലാസ്റ്റിക്ക് തുന്നലിട്ടതിന് കിലോ : 195 പ്ലാസ്റ്റിക്ക് തുന്നലിടാത്തതിന് : 145
ഇലകൊഴിഞ്ഞാൽ നഷ്ടം
റബർ മരങ്ങളിൽ കുമിൾ രോഗബാധയും വ്യാപകമായി. ഇത് റബറിന്റെ ഇലകൾ കൊഴിഞ്ഞ് ഉത്പാദനം കുത്തനെ ഇടിയുന്നതിന് ഇടയാക്കും.രോഗത്തെ പ്രതിരോധിക്കാൻ റബറിന് മികച്ച വിലയുണ്ടായിരുന്ന സമയത്ത് കർഷകർ തോട്ടങ്ങളിൽ മരുന്ന് തളിച്ചിരുന്നു. വിലയിടിഞ്ഞതോടെ ഇതിൽ നിന്ന് കർഷകർ പിന്തിരിഞ്ഞു.പുതിയ ഇനം മരങ്ങളിലും രോഗബാധ വേഗം പടരുന്നതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. മഴക്കാല സംരക്ഷണമൊരുക്കി ടാപ്പിംഗ് ആരംഭിക്കാനുള്ള നീക്കത്തിനിടെ ഇല കൊഴിഞ്ഞാൽ നഷ്ടവും ഇരട്ടിയാകും
കാലാവസ്ഥാ വ്യതിയാനം കർഷകരെ പ്രതിസന്ധിയിലാക്കുന്നു. മുൻപ് ഗ്രാമങ്ങളിൽ റെയിൻ ഗാർഡിംഗ് ആവശ്യമില്ലായിരുന്നു. ഇപ്പോൾ എല്ലാ മാസവും മഴയുള്ളത് കൊണ്ട് റെയിൻ ഗാർഡിംഗ് ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |