കോതമംഗലം: പൈങ്ങോട്ടൂർ പഞ്ചായത്തിലെ ജനവാസമേഖലകളെ ഭയാശങ്കയിലാക്കി കാട്ടാനകളുടെ ഊരുചുറ്റൽ. ചൊവ്വാഴ്ച രാത്രി ചാത്തമറ്റത്തെ തേക്ക് പ്ലാന്റേഷനിൽ നിന്ന് രണ്ട് കൊമ്പനാനകളാണ് പൈങ്ങോട്ടൂരിലേക്ക് ഇറങ്ങിയത്. വനപാലകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്നലെ രാവിലെ പതിനൊന്നോടെ ആനകളെ കാടുകയറ്റി. എന്നിരുന്നാലും, ആനകൾ ഇപ്പോഴും ജനവാസമേഖലയിൽ നിന്ന് അധികം അകലെയല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തെക്കേപുന്നമറ്റം, കടവൂർ, പനങ്കര, പുതുകുളം തുടങ്ങിയ പ്രദേശങ്ങളെയാണ് കൊമ്പനാനകൾ ഭയപ്പെടുത്തിയത്. കൃഷിയിടങ്ങളും പുഴയും പാലവും റോഡും ടൗണുമെല്ലാം താണ്ടിയാണ് ഇവ കടന്നുപോയത്. വനപാലകരും പൊലീസും ഫയഫോഴ്സും സ്ഥലത്തെത്തി ജനങ്ങളെ നിയന്ത്രിച്ചു. പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമെല്ലാം ആനകളെ പിന്തുടർന്ന് കാടുകയറ്റുകയായിരുന്നു.
കയ്യാലയും മതിലുമെല്ലാം തകർത്തെങ്കിലും, ആനകൾ ആളുകൾക്ക് നേരെ അക്രമസ്വഭാവം കാണിക്കാതിരുന്നത് ആശ്വാസമായി. കടവൂർഞാറക്കാട് റോഡ് കുറുകെ ആനകൾ കടക്കുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. പതിവ് വഴികളിൽനിന്ന് മാറിയുള്ള ആനകളുടെ സഞ്ചാരം എന്തിന്റെ സൂചനയാണെന്ന ആശങ്കയിലാണ് നാട്ടുകാർ.
കുടിയേറിയെത്തിയ കാട്ടാനകൾ മുള്ളരിങ്ങാട് വനത്തിൽ നിന്ന് ചാത്തമറ്റത്തെ തേക്ക് പ്ലാന്റേഷനിലേക്ക് കുടിയേറിയ ആനകളാണ് പൈങ്ങോട്ടൂർ, കവളങ്ങാട് പഞ്ചായത്തുകൾക്ക് ഭീഷണിയായി മാറിയത്. നിലവിൽ ഇവിടെ അഞ്ച് ആനകളുണ്ടെന്നാണ് കരുതുന്നത്. ആനകളുടെ ആവാസത്തിന് അനുയോജ്യമായ പ്ലാന്റേഷൻ അല്ലാത്തതിനാൽ അവ ജനവാസമേഖലകളിൽ പതിവായി ഇറങ്ങുന്നു.
പ്ലാന്റേഷനിൽ നിന്ന് ഒരുതവണ ആനകളെ മുള്ളരിങ്ങാട് വനത്തിലേക്ക് തന്നെ തുരത്തിയിരുന്നു. എന്നാൽ, അധികം വൈകാതെ അവ മടങ്ങിയെത്തി. പൈങ്ങോട്ടൂർകാളിയാർ റോഡിലും തലക്കോട്മുള്ളരിങ്ങാട് റോഡിലുമെല്ലാം ആനകളുടെ സാന്നിദ്ധ്യം പതിവാണ്.
ചാത്തമറ്റം പ്ലാന്റേഷനിൽ തങ്ങിയിട്ടുള്ള ആനകളെ മുള്ളരിങ്ങാട് വനത്തിലേക്ക് തിരിച്ചുവിടുകയാണ് വേണ്ടത്. ചാത്തമറ്റം പ്ലാന്റേഷൻ അതിർത്തിയിൽ ഫെൻസിംഗ് സ്ഥാപിക്കണം. ആനകൾ മൂലം കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം.
ജിജി ഷിജു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പൈങ്ങോട്ടൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |