ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മിക്കുമെന്ന് അധികൃതർ
തിരുവനന്തപുരം: മൂക്ക് പൊത്താതെ പേട്ട റെയിൽവേ സ്റ്റേഷൻ റോഡിലേക്ക് ആളുകൾ നടന്നുപോകാൻ കഴിയാത്ത സ്ഥിതിയായിട്ടും കണ്ടഭാവമില്ലാതെ അധികൃതർ. പേട്ട പുത്തൻകോവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ഗേറ്റിന് മുന്നിലാണ് മാസങ്ങളായി ദുർഗന്ധം വമിപ്പിച്ച് ഓട പൊട്ടിയൊഴുകുന്നത്. കടകളിൽ നിന്നുൾപ്പെടെയുള്ള മലിനജലമാണ് ഓടയിലൂടെ പോകുന്നത്.
കെ.ആർ.എഫ്.ബിയുടേതാണ് ഓട. ഓട്ട പൊട്ടിയതിനെക്കുറിച്ച് വിവരം നൽകിയെങ്കിലും അവർ തിരിഞ്ഞുനോക്കുന്നില്ല. വിമാനത്താവളം ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലേക്ക് പോകുന്ന റോഡിലേക്കാണ് ഈ മലിനജലം ഒഴുകിയെത്തുന്നത്. മഴപെയ്‌താൽ പ്രദേശം മുഴുവൻ ദുർഗന്ധം നിറയും. പ്രധാന റോഡിലെ ഡ്രെയിനേജ് ലൈനുമായി റെയിൽവേ സ്റ്റേഷന് മുന്നിലൂടെയുള്ള ഓട ബന്ധിപ്പിക്കാത്തതാണ് ഓട പൊട്ടിയൊഴുകാനുള്ള പ്രധാന കാരണം.
മലിനജലം ചവിട്ടിയും ദുർഗന്ധം സഹിച്ചുമാണ് ട്രെയിൻ യാത്രക്കാർ ഉൾപ്പെടെയുള്ളവർ ഇതുവഴി നടന്നുപോകുന്നത്. സമീപത്ത് ഭക്ഷണശാലകളുൾപ്പെടെ കട നടത്തുന്നവരുടെ സ്ഥിതിയും ഇതുതന്നെ.
പകർച്ചവ്യാധി ഭീഷണിയും
മലിനജലം കെട്ടിക്കിടന്ന് കൊതുക് പെറ്റ് പെരുകുന്നുണ്ട്. ഇത് പകർച്ചവ്യാധികൾക്ക്
കാരണമാകും. സമീപത്തുള്ള ധാരാളം സ്ഥാപനങ്ങൾക്കും വീടുകൾക്കും ഭീഷണിയാണിത്.
ഇ.ടി.പി പ്ളാന്റ് സ്ഥാപിക്കും: കൗൺസിലർ
പ്രശ്നത്തിന് താത്കാലിക പരിഹാരമായി ഇ.ടി.പി മാലിന്യ ട്രീറ്റ്മെന്റ് സ്ഥാപിക്കുമെന്ന് വാർഡ് കൗൺസിലർ സി.എസ്.സുജാദേവി പറഞ്ഞു. പ്രധാന ഓടയിലേക്ക് കണക്ഷൻ നൽകിയാലേ പ്രശ്‌നത്തിന് പൂർണ പരിഹാരമാകൂ. കെ.ആർ.എഫ്.ബിയാണ് പ്രശ്‌നം പരിഹരിക്കേണ്ടത്. അവരത് ചെയ്യാത്തതു കാരണമാണ് നഗരസഭ ഏറ്റെടുത്ത് ചെയ്യാൻ തീരുമാനിച്ചത്. പേട്ട കെ.പങ്കജാക്ഷൻ പാർക്കിന്റെ ഒരു വശത്താണ് ഇ.ടി.പി മാലിന്യ ട്രീറ്റ്മെന്റ് പ്ളാന്റ് സ്ഥാപിക്കുന്നത്. ഇതിനുള്ള ടെൻഡർ സമർപ്പിക്കുന്നതിനുള്ള സമയം ഇന്നലെ അവസാനിച്ചു. ഓടകളിൽ നിന്നുള്ള വെള്ളം പ്ളാന്റിലേക്ക് കണക്ട് ചെയ്യും. മലിനജലം ശുദ്ധീകരിച്ച് ശുദ്ധജലമായി പുറന്തള്ളും. ഈ വെള്ളം പാർക്കിലെ ചെടികൾ നനയ്ക്കാൻ ഉപയോഗിക്കും. 10 മുതൽ 16 ലക്ഷം വരെയാണ് പ്ളാന്റിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |