
നേമം: നേമം സബ് രജിസ്ട്രാർ ഓഫീസ് കോമ്പൗണ്ടിൽ പണി തുടങ്ങിയ രജിസ്ട്രേഷൻ കോംപ്ലക്സിന്റെ നിർമ്മാണം ഏഴു വർഷം കഴിഞ്ഞെങ്കിലും ഇതുവരെയും എങ്ങുമെത്തിയില്ല. കരാറുകാരനും കൺസ്ട്രക്ഷൻ കോർപ്പറേഷനും തമ്മിലുള്ള തർക്കമാണ് നിർമ്മാണ ജോലികൾ മുടങ്ങാൻ കാരണം. സിവിൽ ജോലികൾ പൂർത്തീകരിക്കാത്തതിനാൽ മറ്റു ജോലികളും പാതിവഴിയിലാണ്.
ജി.സുധാകരൻ രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരിക്കെ 2018ൽ പ്രത്യേക താത്പര്യ പ്രകാരമാണ് നേമത്ത് മൂന്ന് നിലയിലുള്ള കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടത്. 2023ൽ പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളും സാങ്കേതിക പ്രശ്നങ്ങളും കാരണം സാധിച്ചില്ല.
കിഫ്‌ബിയുടെ ഫണ്ടിൽ നിന്നും 28 കോടി രൂപ ചെലവഴിച്ചാണ് നേമത്ത് രജിസ്ട്രേഷൻ കോംപ്ലക്സ് പണിയുന്നത്.നിലവിൽ 4 കരാറുകാരാണ് കരാറേറ്റെടുത്തിട്ടുള്ളത്. നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ചുമതല ഏറ്രെടുത്തത് സ്വകാര്യ കരാറുകാരനാണ്. വൈദ്യുത ജോലികൾ ഊരാളുങ്കൽ കോഓപ്പറേറ്റീവ് സൊസൈറ്റിയും ഫയർ സുരക്ഷ സംബന്ധമായ ജോലികൾ റിയാൻ എന്ന സ്ഥാപനത്തിനുമാണ്.
നിർമ്മാണ ജോലികളുടെ നിരക്ക് നിലവിലെ മാർക്കറ്റ് റേറ്റ് അനുസരിച്ച് ടെൻഡർ ഷെഡ്യൂളിൽ ഉള്ളതിനേക്കാൾ റേറ്റ് വർദ്ധിപ്പിച്ചു നൽകണമെന്ന കരാറുകാരന്റെ ആവശ്യം കൺസ്ട്രക്ഷൻ കോർപ്പറേഷൻ അംഗീകരിക്കാത്തതാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങുന്നതിന് കാരണമായത്.
സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപ് തന്നെ ഉദ്ഘാടനം നടത്തണമെന്നാണ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.ശിവൻകുട്ടിയുടെ ആഗ്രഹം. കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ വകുപ്പ്, കിഫ്‌ബി, ഹാബിറ്റാറ്റ്, കൺസ്ട്രക്ഷൻ കോർപ്പറേഷൻ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിച്ച് പുരോഗതി വിലയിരുത്തി. ഡിസംബറോടെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. പുതിയ കോംപ്ലക്സ് യാഥാർത്ഥ്യമാകുന്നതോടെ കിഴക്കേകോട്ടയിൽ ട്രാൻസ്‌പോർട്ട് ഭവനിൽ പ്രവർത്തിക്കുന്ന രജിസ്ട്രേഷൻ വകുപ്പിന്റെ ഓഫീസുകളെല്ലാം ഇവിടേക്ക് മാറ്റും.ജില്ലാ രജിസ്ട്രാർ ഓഫീസും ഈ കെട്ടിടത്തിലായിരിക്കും പ്രവർത്തിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |