
വക്കം: നിരവധി പ്രക്ഷോഭസമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് നിലയ്ക്കാമുക്ക് മത്സ്യമാർക്കറ്റിന്റെ നവീകരണ പ്രവർത്തനം ആരംഭിച്ചത്. നവീകരണ നിർമ്മാണോദ്ഘാടനം നടന്നെങ്കിലും നിർമ്മാണ പ്രവർത്തനം ഇഴഞ്ഞുനീങ്ങുന്നതായാണ് ആക്ഷേപം. മാർക്കറ്റിന്റെ ശോച്യാവസ്ഥയെ കുറിച്ച് കേരള കൗമുദി നൽകിയ വാർത്തയെ തുടർന്നായിരുന്നു നടപടി. നിലയ്ക്കാമുക്ക് മത്സ്യമാർക്കറ്റിൽ 439ച. മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ഒരു നില കെട്ടിടത്തിൽ 15 മത്സ്യവില്പന സ്റ്റാളുകൾ, 5കടമുറികൾ, 3ബുച്ചർ സ്റ്റാളുകൾ, ഫ്രീസർ മുറി, പ്രിപ്പറേഷൻ മുറി, ദിവസ കച്ചവടക്കാർക്കായുള്ള സ്ഥലം, ടോയ്ലെറ്റ് സംവിധാനം എന്നിവ ഏർപ്പെടുത്തും. ഇതിനായി ഒരു കോടി 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് വിപണന സ്റ്റാളുകളിലും സ്റ്റെയിൻലസ് സ്റ്റീൽ ഡിസ്‌പ്ളേ ട്രോളികൾ, സിങ്കുകൾ, ഡ്രയിനേജ് സംവിധാനം,മാൻഹോളുകൾ എന്നിവയും സജ്ജമാക്കും. മാലിന്യ സംസ്കരണത്തിനായി എഫ്ളുവെന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സംവിധാനവും ഒരുക്കും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാൻ കഴിയുന്ന വിധത്തിലാണ് മത്സ്യമാർക്കറ്റുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേനയാണ് മാർക്കറ്റ് നിർമ്മിക്കുന്നത്.
മത്സ്യമാർക്കറ്റ് പൂട്ടി, പകരം സംവിധാനമില്ല
നവീകരണത്തിന്റ് ഭാഗമായി ചന്തയിൽ കച്ചവടം നടത്തുന്നവരെ ഒഴിപ്പിച്ചിരുന്നു. മത്സ്യമാർക്കറ്റ് പൂട്ടി പകരം സംവിധാനം ഒരുക്കാതായതോടെ മത്സ്യ, പച്ചക്കറി കച്ചവടം റോഡിലേക്ക് മാറ്റേണ്ടിവന്നു. ടാർപ്പകെട്ടിയും റോഡിനിരുവശങ്ങളിൽ സ്ലാബ് പാകിയ ഓടയ്ക്ക് മുകളിലിരുന്നാണ് കച്ചവടം. ഇതുവഴി സഞ്ചരിക്കുന്ന കാൽനടക്കാർ വീതികുറഞ്ഞ റോഡിലിറങ്ങുന്നതോടെ അപകടത്തിനിടയാക്കുന്നുണ്ട്. മത്സ്യ കച്ചവടക്കാർ നിലയ്ക്കാമുക്ക് കാത്തിരുപ്പ് കേന്ദ്രത്തിനു മുന്നിൽ നടപ്പാതയും കൈയേറിയാണ് കച്ചവടം. ഇതോടെ സ്കൂൾവിദ്യാർത്ഥികളും, യാത്രികരും റോഡിലുടെ സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.
ഇവിടെ നിരവധി കടകൾ നടപ്പാത കൈയേറി കച്ചവടം നടത്തുന്നതിനെതിരെ നിരവധി പരാതി കടയ്ക്കാവൂർ, വക്കം പഞ്ചായത്തിൽ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
അധികൃതർ മൗനത്തിൽ
കച്ചവടക്കാർക്ക് ബദൽ സംവിധാനം ഒരുക്കണമെന്ന് കിഫ്ബി, പഞ്ചായാത്ത് അധികൃതരോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പഞ്ചായാത്ത് യോഗം ചേർന്ന് വാർഡ് മെമ്പറുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്. പിന്നീട് ചില സാങ്കേതിക നിയമ തടസ്സങ്ങൾ പറഞ്ഞ് അതും മുടങ്ങി. പുതിയ സ്ഥലം കണ്ടെത്താനോ അന്വേഷിക്കാനോ അധികൃതർ തയ്യാറായിട്ടുമില്ല. കാത്തിരിപ്പ് കേന്ദ്രത്തിലേയും നടപ്പാതയിലേയും കച്ചവടം ഒഴിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |