കിളിമാനൂർ: മലയോരങ്ങളിൽ മലവേപ്പ് സ്ഥാനം പിടിക്കുന്നു. പണം തരുന്ന മരമെന്ന വിശേഷണത്തോടെ പ്രചരിക്കുകയാണ് മലവേപ്പ് കൃഷി. പെട്ടെന്ന് വളർന്ന് മുറിച്ചുവിൽക്കാനുള്ള പാകമെത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ കുറഞ്ഞ കാലയളവിൽ കർഷകന് മികച്ച വരുമാനവും കിട്ടും.
മലവേപ്പ്, കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നൊക്കെ ഈ മരം അറിയപ്പെടുന്നു. മിലിയ ഡുബിയ എന്നാണ് ശാസ്ത്രനാമം. വളരെ കുറച്ചു സമയം കൊണ്ട് വളരുകയും മികച്ച വരുമാനം നൽകുകയും ചെയ്യും എന്നതാണ് ഇത് കർഷകർക്ക് പ്രിയങ്കരമാക്കുന്നത്. തടിയുടെ ഉപയോഗം വർദ്ധിക്കുകയും ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മലവേപ്പ് കൃഷി ലാഭകരമാണെന്നാണ് കൃഷി വിദഗ്ദ്ധർ പറയുന്നത്.
പ്രത്യേകത
തേക്ക്, മഹാഗണി പോലുള്ള മരങ്ങൾ വളർന്ന് പാകമെത്താൻ വർഷങ്ങളെടുക്കുമ്പോൾ നാലോ അഞ്ചോ വർഷം കൊണ്ട് മുറിച്ചെടുക്കാവുന്ന വലിപ്പത്തിലെത്തുമെന്നതാണ് മലവേപ്പിന്റെ ആകർഷണീയത.
ചിതൽ പോലുള്ള ഉപദ്രവങ്ങൾ ഇതിനെ ബാധിക്കുന്നില്ല.
ഏതു തരം മണ്ണിലും വളരും
വേഗം വളരുന്നു
തോട്ടമായി നടുമ്പോൾ റബർ നടുന്നതുപോലെ പ്ലാറ്റ്ഫോം ഒരുക്കി നടുന്നതാണ് നല്ലതെന്ന് കൃഷിക്കാർ പറയുന്നു. അഞ്ച് വർഷം കൊണ്ട് 40 അടിയിലേറെ ഉയരവും നാല് അടിയിലധികം വണ്ണവും വയ്ക്കുമെന്ന് അനുഭവസ്ഥരായ കർഷകർ പറയുന്നു. ഏറ്റവും വേഗം വളരുന്ന മരമായ ഈയിനം പ്ലൈവുഡിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തീപ്പെട്ടി കമ്പനികളും സോഫ്റ്റ് വുഡ് ഇൻഡസ്ട്രീസ്, ബയോ ഫ്യൂവൽ എന്നിവയ്ക്കും ഉപയോഗിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |