
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുറുപുഴ വാർഡിൽ വെമ്പിൽ മണലയത്ത് സ്ഥിതി ചെയ്യുന്ന കടലുകാണിപ്പാറയും, അതോടൊപ്പം 28 ഏക്കറോളം സർക്കാർ ഭൂമിയും കൈയേറിയതായി കേരളകൗമുദി വാർത്ത നൽകിരുന്നു. തുടർന്ന് ഈ സ്ഥലം സർക്കാർ ഭൂമിയാണെന്നും ഇവിടെ അനധികൃതമായി പ്രവേശിക്കുന്നത് കുറ്റകരമാണെന്നും കാണിച്ച് റവന്യുവകുപ്പ് ബോർഡ് സ്ഥാപിച്ചെങ്കിലും നശിപ്പിക്കപ്പെട്ടു. തുടർന്ന് അന്വേഷണം നടത്താൻ ആർ.ഡി.ഒ ഉത്തരവിട്ടു. ടൂറിസം സാദ്ധ്യതയുള്ള കടലുകാണിപ്പാറ കൈയേറി വീണ്ടും പാറ പൊട്ടിക്കാൻ ശ്രമിക്കുന്നതായി ജനങ്ങൾ പരാതി നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപ് പാറ പൊട്ടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ജനകീയ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള കടലുകാണിപ്പാറയും അതിനോടു ചേർന്നുള്ള 28 ഏക്കർ സ്ഥലവും ക്വാറി മാഫിയ കൈയടക്കി വച്ചിരിക്കുന്നതായാണ് ആക്ഷേപം. അടിയന്തര അന്വേഷണം നടത്തി കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ടൂറിസവും ഐതിഹ്യം
വിനോദസഞ്ചാര മേഖലയാണ് കടലുകാണിപ്പാറ. നന്ദിയോട് പഞ്ചായത്തിലെ ഏറ്റവും ഉയരമുള്ള പ്രദേശം. ഭീമൻ ചവിട്ടിയെന്ന് ഐതിഹ്യമുള്ള പാറ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പത്തടിയോളം താഴ്ചയിലുള്ള പാറയ്ക്കുള്ളിലെ കുളം കൊടിയ വേനലിൽ പോലും വറ്റാറില്ല. കുളത്തിന്റെ അടിഭാഗത്തായി കാൽപ്പാദം പതിഞ്ഞതുപോലുള്ള അടയാളം കാണാം. അതിനാലാണ് ഭീമൻ ചവിട്ടിയ പാറ എന്നിവിടെ അറിയപ്പെടുന്നത്. ആനപ്പാറ,ചരിഞ്ഞ ഗുഹ എന്നിങ്ങനെയുള്ള വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന പാറശേഖരവും ഇവിടെയുണ്ട്.
പാറപ്പൊട്ടിച്ചാൽ പ്രത്യാഘാതങ്ങൾ ഏറെ
പ്രകൃതിയുടെ പച്ചപ്പ് നിറഞ്ഞ ഈ പ്രദേശം ഭൂമാഫിയ കൈയേറുകയും പാറയോടു ചേർന്ന് ഇരുമ്പുവേലി കെട്ടുകയും ചെയ്തു. പാറയിൽ വേലി കെട്ടാനായി പാറ തുരന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അവസാനിപ്പിച്ചു. പാറ പൊട്ടിക്കാൻ ശ്രമിച്ചാലുണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കും. ഇരുന്നൂറോളം കുടുംബങ്ങൾ വഴിയാധാരമാകും. കൂടാതെ നിരവധി വീടുകൾ തകർന്ന് തരിപ്പണമാകും. കൂടാതെ ഈ പാറയുടെ അടിഭാഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ജലസ്രോതസുകൾ അപ്രത്യക്ഷമാകും. അതിനാൽ കൈയേറ്റം ഒഴിപ്പിച്ച് സംരക്ഷിത പ്രദേശമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അധികൃതരുടെ ഉറപ്പ്
പാറ ഉൾപ്പെടുന്ന പ്രദേശത്തുനിന്ന് പാറ പൊട്ടിക്കുന്നതിനുളള യാതൊരു അനുമതിയും നൽകിയിട്ടില്ല. അനധികൃതമായി കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്നും അധികാരികൾ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |