കിളിമാനൂർ: ജനജീവിതം ദുസഹമാക്കി, ഇടറോഡുകളിലൂടെയുള്ള ടിപ്പറുകളുടെ മരണപാച്ചിലിൽ അപകടം ക്ഷണിച്ചുവരുത്തുന്നു. അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർക്ക് അനക്കമില്ല. കുറവൻ കുഴി-തൊളിക്കുഴി റോഡിൽ ടിപ്പർ ലോറികൾ അമിതഭാരവുമായി അതിവേഗത്തിലാണ് ഇതുവഴി പോകുന്നത്.കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ പിറകിൽ നിന്നെത്തിയ ടിപ്പർ ലോറിയിടിച്ച് അപകടം സംഭവിച്ചിരുന്നു. കുറച്ച് ദിവസം മുമ്പ് ടിപ്പറിനെ മറികടക്കുമ്പോൾ കെ.എസ് ആർ.ടി.സി ബസിന്റെ ഒരു ഭാഗം ടിപ്പറിൽ തട്ടി കേടുപാടു സംഭവിക്കുകയും ചെയ്തിരുന്നു. സ്കൂൾ സമയങ്ങളിൽ പോലും യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഭീമൻ ലോറികൾ കടന്നുപോകുന്നത്. നിലമേൽ-കടയ്ക്കൽ വഴി പോകേണ്ട വലിയ വാഹനങ്ങൾ എളുപ്പവഴിയായി ഈ മലയോര റോഡിനെ ആശ്രയിക്കുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
നോക്കുകുത്തിയായി ബോർഡുകൾ
ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ലോഡ് കയറ്റിയുള്ള യാത്ര ഒഴിക്കണമെന്നുള്ള മുന്നറിയിപ്പ് ബോർഡുകൾ നോക്കുകുത്തിയായ സ്ഥിതിയാണ്.വലിയ രണ്ട് വാഹനങ്ങൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ടുള്ള റോഡിൽ കാൽനട,ഇരുചക്ര വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാവുകയാണ്.റോഡിന്റെ പുനർ നിർമ്മാണം ആരംഭിച്ച് കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്തതാണ് പ്രധാന പ്രശ്നം. പ്രദേശവാസികൾ പലതവണ അധികൃതർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.
എൽ.പി സ്കൂൾ ഉൾപ്പെടെ മൂന്നോളം സ്കൂളുകൾ ഈ റോഡിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. രക്ഷിതാക്കൾക്ക് കുട്ടികളെ സ്കൂളിൽ അയക്കാൻ തന്നെ പേടിയാണ്. ടിപ്പറുകളുടെ മരണപാച്ചിൽ തടയാൻ അധികൃതർ തയ്യാറാകണം.
അടയമൺ മുരളീധരൻ വാർഡ്‌മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |