വിതുര: മലയോരമേഖലയിൽ വേനൽമഴ ശക്തിപ്രാപിക്കുന്നു. നാല് ദിവസമായി ഉച്ചതിരിഞ്ഞ് മഴപെയ്യുന്നുണ്ട്. കടുത്ത ചൂടിനിടയിൽ മഴയെത്തിയത് ഗ്രാമീണർക്ക് അനുഗ്രഹമാണെങ്കിലും കിണറുകളിലെ ജലനിരപ്പിൽ മാറ്റമില്ല. സമൃദ്ധമായി ഒഴുകിയിരുന്ന നീർച്ചാലുകളും നീരുറവകളും പഴയ സ്ഥിതിയിലായിട്ടില്ല. നദികളിലെ അവസ്ഥയും ഡാമുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ട് മാസത്തിനുശേഷമാണ് മലയോരമേഖലയിൽ മഴ പെയ്യുന്നത്. പൊൻമുടി,ബോണക്കാട്,കല്ലാർ, പേപ്പാറ മേഖലകളിലും മഴ പെയ്യുന്നുണ്ട്. മേഖലയിൽ കുടിവെള്ളക്ഷാമവുംനേരിടുകയാണ്. മഴ ശക്തി പ്രാപിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകും. കടുത്തചൂട് വ്യാപിച്ചതോടെ പൊൻമുടി ടൂറിസം മേഖല വരണ്ടുണങ്ങി കിടക്കുകയാണ്. സഞ്ചാരികളുടെ വരവും വളരെ കുറവാണ്.
പ്രതിസന്ധിയായി വൈദ്യുതി മുടക്കം
വേനൽ മഴയെത്തിയതോടെ മലയോരമേഖല വീണ്ടും വൈദ്യുതി പ്രതിസന്ധിയുടെ പിടിയിൽ. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലാണ് രാവും പകലും വൈദ്യുതി വിതരണം തടസപ്പെടുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളായ പൊൻമുടി, ബോണക്കാട്, കല്ലാർ, പേപ്പാറ എന്നിവിടങ്ങളിലും വൈദ്യുതി പ്രതിസന്ധിയുണ്ട്. മഴയും കാറ്റുമെത്തിയാൽ നിലയ്ക്കുന്ന വൈദ്യുതി മണിക്കൂറുകൾക്കുശേഷമാണ് പുനഃസ്ഥാപിക്കുന്നത്. പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് ഏറെ പണിപ്പെട്ടാണ് ജീവനക്കാർ വിതരണം പുനഃസ്ഥാപിക്കുന്നത്.
മരങ്ങൾ അപകടാവസ്ഥയിൽ
കല്ലാർ,ബോണക്കാട്,വിതുര റൂട്ടിൽ അനവധി മരങ്ങളുടെ ചില്ലകൾ ലൈനിൽ മുട്ടിനിൽക്കുന്നുണ്ട്. ടച്ചിംഗ് വർക്കിന്റെ ഭാഗമായി മരച്ചില്ലകൾ മുറിച്ചുമാറ്റാറുണ്ടെങ്കിലും അപകടാവസ്ഥയിലാണ് മരങ്ങൾ നിൽക്കുന്നത്. ഇത്തരം മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം പ്രദേശവാസികൾക്കിടയിലും ശക്തമായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണ് ഗതാഗതതടസവും നേരിടാറുണ്ട്. വൈദ്യുതിലൈനുകൾ തകരുന്നതുമൂലം കെ.എസ്.ഇ.ബിക്കും നഷ്ടമുണ്ട്.
ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാട്
വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതിവിതരണം നിലയ്ക്കുന്നത് പതിവാണ്. വൈദ്യുതി വിതരണത്തിലെ വോൾട്ടേജ് വ്യതിയാനം കാരണം ഇലക്ട്രിക്, ഉപകരണങ്ങൾ കേടാകുന്നതായും പരാതിയുണ്ട്. ചിലമേഖലകളിൽ വോൾട്ടേജ് ക്ഷാമവും നേരിടുന്നു. വൈദ്യുതിതടസപ്പെടുന്നതോടെ വിതുര,തൊളിക്കോട് ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. മഴയത്തും കാറ്റിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം,വൈദ്യുതി എന്നിവ തടസപ്പെടുന്നതിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി അധികൃതർ വ്യക്തമാക്കുന്നത്.
വിതുര,തൊളിക്കോട് പഞ്ചായത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫ്രാറ്റ് വിതുര മേഖലാകമ്മിറ്റി ഭാരവാഹികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |