തൃശൂർ: അരങ്ങിന് പുതിയ ചരിത്രത്തിന്റെയും അതിജീവനത്തിന്റെയും കരുത്ത് അന്താരാഷ്ട്ര നാടകോത്സവം പകർന്നുനൽകിയെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. കല എന്ന വിശുദ്ധ മാദ്ധ്യമത്തിലൂടെ മനുഷ്യർ എങ്ങനെയാണ് ഐക്യപ്പെടേണ്ടതെന്ന സന്ദേശത്തിൽ അധിഷ്ഠിതമായിരുന്നു അന്താരാഷ്ട്ര നാടകോത്സവമെന്നും മന്ത്രി പറഞ്ഞു. പത്തുനാൾ നീണ്ട അന്താരാഷ്ട്ര നാടകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇറ്റ്‌ഫോക് കേരളത്തിന്റെ തന്നെ അഭിമാനമാണ്. ഒരു അന്തർദേശീയ നാടകോത്സവം ഇത്രയും സാങ്കേതിക മികവോടെ ഇന്ത്യയിൽ വേറൊരു സംസ്ഥാനത്തും സംഘടിപ്പിക്കുന്നില്ലെന്നതാണ് വസ്തുതയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി കൂടിയാട്ട പ്രതിഭ അമ്മന്നൂർ മാധവ ചാക്യാരുടെ പേരിൽ കേരള സംഗീത നാടക അക്കാഡമി നൽകുന്ന അമ്മന്നൂർ പുരസ്‌കാരം ആർട്ടിസ്റ്റ് സുജാതന് മന്ത്രി സമർപ്പിച്ചു.
നാടകോത്സവം മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമുള്ള പുരസ്‌കാരം സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി പ്രഖ്യാപിച്ചു. കെ.ടി. മുഹമ്മദ് തിയറ്റർ മുറ്റത്തെ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, വൈസ് ചെയർമാൻ പി.ആർ. പുഷ്പവതി, ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂർ, ബി. അനന്തകൃഷ്ണൻ, ദീപൻ ശിവരാമൻ, സാംസ്‌കാരിക സംഘാടകൻ ടി.ആർ. അജയൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |