തൃശൂർ: തൃശൂർ - പാലക്കാട്, തൃശൂർ - പൊള്ളാച്ചി റൂട്ടിൽ ഇരുചക്രവാഹനങ്ങൾ കൊണ്ട് മാർഗതടസം സൃഷ്ടിച്ചും മറ്റും കെ.എസ്.ആർ.ടി.സി ഷെഡ്യൂൾ തകിടം മറിക്കാൻ ശ്രമിക്കാൻ സ്വകാര്യ ബസ് ലോബിയുടെ ശ്രമം. തൃശൂരിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിന്റെ മുന്നിലും പിന്നിലും ബൈക്ക് നിറുത്തി തടസം ഉണ്ടാക്കുകയും കെ.എസ്.ആർ.ടി.സി അധികൃതർക്കെതിരെ വ്യാജ പരാതി നൽകുകയും ചെയ്തിരുന്നു. പൊള്ളാച്ചി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ എതിർപരാതിയിൽ നടപടിയെടുക്കേണ്ട തമിഴ്‌നാട് പൊലീസ് സ്വകാര്യ ബസുകളുടെ തോന്ന്യാസത്തിന് കൂട്ടു നിൽക്കുകയാണെന്നാണ് ആക്ഷേപം. സ്വകാര്യബസിൽ ഇടിച്ചുവെന്ന വ്യാജപരാതിയിൽ രണ്ടുദിവസം കെ.എസ്.ആർ.ടി.സി ബസ് പൊലീസ് സ്റ്റേഷന് മുന്നിൽ പിടിച്ചിട്ടിരുന്നു. പിന്നീട് കെ.എസ്.ആർ.ടി.സിയുടെ പരാതി സ്വീകരിച്ച് വണ്ടി വിട്ടുകൊടുക്കാനും തയ്യാറായില്ല.
ഒടുവിൽ ബസിലെ സ്ഥിരം യാത്രക്കാരി കാർഷിക സർവകലാശാലയിലെ ഉദ്യോഗസ്ഥ, കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ് രണ്ടാം ദിവസം രാത്രിയോടെ കേസെടുത്തത്. കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് സ്വകാര്യ ബസുകൾ ഇത്തരം അതിക്രമത്തിന് മുതിരുന്നത്. കെ.എസ്.ആർ.ടി.സി ബസ് കണ്ടാൽ യാത്രക്കാർ അതിലാണ് കൂടുതലും കയറുക. സമയം വൈകിപ്പിക്കാനും സ്വകാര്യ ബസുകളിൽ ആളെ കൂട്ടാനും കെ.എസ്.ആർ.ടി.സിയുടെ മുന്നിലും പിന്നിലും ബൈക്ക് ഓടിച്ച് വഴിമുടക്കുകയാണ് ചെയ്യുന്നതത്രെ.
വ്യാജ ബോർഡ് സ്ഥാപിച്ച് സർവീസ്
തൃശൂരിൽ നിന്ന് ഗോവിന്ദാപുരം വരെ സർവീസ് നടത്താൻ അനുമതിയുള്ള സ്വകാര്യ ബസുകൾ പൊള്ളാച്ചി ബോർഡ് സ്ഥാപിച്ച് സർവീസ് നടത്തും. തുടർന്ന് ഗോവിന്ദാപുരത്ത് യാത്രക്കാരെ ഇറക്കി ലോക്കൽ ബസിൽ കയറ്റി വിടും. ഇത് യാത്രക്കാർക്ക് ധനനഷ്ടവും സമയ നഷ്ടവുമുണ്ടാക്കും. ബോർഡുകളിൽ പൊള്ളാച്ചിയെന്ന് എഴുതി അതിന് താഴെ ചെറിയ അക്ഷരത്തിൽ കണക്ഷൻ എന്ന് എഴുതിയാണ് സർവീസ്.
അന്വേഷണവുമായി പൊലീസും
കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർക്ക് പൊള്ളാച്ചിയിലുണ്ടായ ദുരനുഭവത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസും വിജിലൻസും കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗവും അന്വേഷണം തുടങ്ങി. ഇതിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ 40,000 രൂപ വിലയുള്ള ബാറ്ററി മോഷ്ടിച്ച കേസിൽ സി.സി.ടി.വി കാമറകളിൽ നിന്ന് പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി അറിയുന്നു. വെള്ളിയാഴ്ച രാവിലെ ആറേകാലോടെ തൃശൂർ സ്റ്റാൻഡിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് അവിടെയെത്തിയ ശേഷം തൃശൂർ ഡിപ്പോയിൽ തിരിച്ചെത്തിയത് ശനിയാഴ്ച ഏറെ വൈകിയായിരുന്നു. കെ.പി.ടി എൻ.ടി.പി ബസ് സർവീസുകാരാണ് കെ.എസ്.ആർ.ടി.സിയെ തടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |