കൊടുങ്ങല്ലൂർ : കരവിരുതിൽ വിരിഞ്ഞ ആന ശിൽപ്പങ്ങൾ വളപ്പിൽ നിരന്നതോടെ, സുധി മണ്ണാറത്താഴത്തിന്റെ വീട്ടുവളപ്പ് ആനപ്പന്തിയായി. പുല്ലൂറ്റ് മണ്ണാറത്താഴത്ത് തോട്ടുപുറത്ത് സുധി എന്ന സുധി മണ്ണാറത്താഴമാണ് തന്റെ കരവിരുതിൽ ഗജവീരന്മാർക്ക് ജീവൻ നൽകുന്നത്. ഇന്റീരിയർ ഡിസൈനറായ സുധി 25 വർഷം മുമ്പാണ് വിനോദമെന്ന നിലയിൽ ആദ്യമായി കടലാസിൽ ആനയെ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ചെറുതും വലുതുമായി ആറോളം കൊമ്പന്മാരാണ് സുധിയുടെ വളപ്പിലുള്ളത്.
ഇന്ന് സുധി ഫൈബറിൽ തീർക്കുന്ന ആനകൾ അദ്ദേഹത്തിന് വരുമാന മാർഗ്ഗം കൂടിയാണ്. ആറര അടി ഉയരമുള്ള ആനയെ വരെ നിർമ്മിച്ചു. ഒരു ആനയെ നിർമ്മിക്കാൻ ഒരു മാസം വേണ്ടിവരും. ചിറക്കൽ കാളിദാസന്റെ രൂപസാദൃശ്യമുള്ള ആനയെ കഴിഞ്ഞ ദിവസം വിറ്റത് 65,000 രൂപയ്ക്കാണ്. ഓർഡർ അനുസരിച്ചാണ് നിർമ്മാണം.
ആദ്യം കമ്പും പേപ്പറും ഉപയോഗിച്ച് ആനയുടെ രൂപം നിർമ്മിക്കും. അതിന് ശേഷം പ്ലാസ്റ്റർ ഒഫ് പാരീസ് ചകിരിയിൽ മിക്‌സ് ചെയ്ത് അതിന് ഷേപ്പ് വരുത്തും. അതിന് ശേഷം വെള്ളം ചേർത്ത്, സിമന്റ് കുഴമ്പ് രൂപത്തിലാക്കി അതിന്റെ ചുളിവുകൾ, വരകൾ എല്ലാം ചെയ്യുന്നു. ഇങ്ങനെയാണ് ഫൈബർ ആനയെ ഉണ്ടാക്കാനുള്ള സ്‌കെച്ച് തയ്യാറാക്കുന്നത്. തുടർന്ന് പോളീഷ് വാക്‌സ് പുരട്ടി ഫൈബർ മെറ്റീരിയൽ പതിപ്പിച്ച് ആനയുടെ ഫൈബർ ഡൈ ഉണ്ടാക്കും. ഇതേ പോലെ പോളീഷ് വാക്‌സ് ഉപയോഗിച്ച് ഫൈബർ മെറ്റീരിയൽ പതിപ്പിച്ച് ഡൈയിൽ നിന്നും ആനയുടെ പ്രതിമയിലേക്കുള്ള ഭാഗങ്ങൾ നിർമ്മിച്ചെടുക്കുന്നു. ആന നിർമ്മാണ സഹായത്തിനായി മകൻ പ്രണവ്, സഹോദരി ഗീത, ഭാര്യ കിൽഷ എന്നിവർ ഒപ്പമുണ്ട്. വ്യത്യസ്തങ്ങളായ ചിത്രരചനയിലൂടെയും ഏറെ ശ്രദ്ധേയനാണ് സുധി.
സുധിയുടെ ആനപ്പന്തിയിലുള്ളത്
6 ആനകൾ
2 ആന സിമന്റ് കൊണ്ട്
4 ആന ഫൈബർ കൊണ്ട്
കുറഞ്ഞ വലിപ്പം ആറര അടി
ചെറുത് നാല് അടിയുടേത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |