തൃശൂർ: സംസ്ഥാന വനിതാ കമ്മിഷന്റെ സ്ത്രീശക്തി പുരസ്‌കാരം ഡോ.ഭാനുമതിയെ തേടിയെത്തുമ്പോഴും അംഹ എന്ന ഓട്ടിസം കേന്ദ്രത്തെ നോക്കി നെടുവീർപ്പിടുകയാണ് അവർ. അവാർഡുകൾക്കും ബഹുമതികൾക്കും അപ്പുറം കാരുണ്യമതികളുടെ താങ്ങും തണലുമില്ലാതെ ഈ കേന്ദ്രം എങ്ങനെ പ്രവർത്തിക്കുമെന്നതാണ് ടീച്ചറുടെ ചിന്ത. വളർച്ചയെത്താത്ത ഒരു കുഞ്ഞിനെപ്പോലെ കിടക്കുകയാണ് തൈക്കാട്ടുശേരിയിലെ ഓട്ടിസം കേന്ദ്രം. 24 കുട്ടികളും മൂന്ന് ക്ലാസുകളും മൂന്ന് ടീച്ചർമാരും ആയമാരുമെല്ലാമുണ്ട്.
പക്ഷേ, പണമില്ലാത്തതിനാൽ പാതിവഴിയിലാണ് കെട്ടിടം. വെളളം ഉപയോഗിച്ചുള്ള അക്വാതെറാപ്പിക്കുള്ള സ്വിമ്മിംഗ് പൂളും, പാർക്കും റെയിൻ ഫ്‌ളോറുമെല്ലാം കിടന്ന കിടപ്പിലാണ്. മേനോന്റെ ഭ്രാന്തൻകുട്ടികളെന്ന് പരിഹസിച്ച മൂന്ന് സഹോദരങ്ങളെ ചേർത്തുപിടിച്ച് ഡോ.പി.ഭാനുമതി 1996 ൽ തുടങ്ങിയതാണ് അസോസിയേഷൻ ഫോർ മെന്റലി ഹാൻഡിക്കാപ്ഡ് അഡൾറ്റ്‌സ് കേന്ദ്രം. ഒരു വയസ് മുതൽ പത്ത് വയസ് വരെയുളള കുഞ്ഞുങ്ങൾക്കുള്ള കേന്ദ്രമാണിത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ലഭിച്ച 25 ലക്ഷത്തിൽ ക്ലാസ് റൂമുകളുടെ നിർമ്മാണം പൂർത്തിയാക്കി. ചില വ്യക്തികളും സഹായിച്ചു. മൊത്തം ഒന്നേകാൽ കോടിയോളം ചെലവഴിച്ചു. ഇനി അരക്കോടി രൂപയെങ്കിലും ലഭിച്ചാലാണ് സൗകര്യങ്ങൾ ഒരുക്കാൻ കഴിയൂ.
അഭയമായി അംഹ
പതിനെട്ട് വയസ് കഴിഞ്ഞ നൂറുകണക്കിന് ഭിന്നശേഷിക്കാരായ 'കുഞ്ഞുങ്ങൾ'ക്ക് അഭയമാണ് അംഹ. അടുത്തവർഷം അംഹയ്ക്ക് മൂന്ന് പതിറ്റാണ്ടാവുകയാണ്. അതിനുള്ളിൽ സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ടീച്ചറുടെ ലക്ഷ്യവും. ശ്രീകേരളവർമ കോളേജിലെ റിട്ട. പ്രൊഫസറായ ഡോ.പി.ഭാനുമതിയുടെ മൂന്ന് സഹോദരങ്ങളും അംഹയിലായിരുന്നു. ഒരാൾ വിടപറഞ്ഞു.
ഇനി രണ്ട് പേരുണ്ട് കൂടെ. നിരവധി പ്രതിസന്ധികൾക്ക് ശേഷമാണ് കേന്ദ്രം ആരംഭിക്കാൻ സ്ഥലം ലഭിച്ചത്. അയ്യന്തോൾ ചാത്തംകുടം എൽ.പി സ്‌കൂളിലെ ഒരു ക്ലാസ് മുറിയായിരുന്നു ആദ്യം ലഭിച്ചത്. ഇപ്പോൾ കാര്യാട്ടുകരയിലെ 54 സെന്റിലെ സ്ഥാപനത്തിലാണ് 18 മുതൽ 74 വയസ് വരെയുള്ളവരെ താമസിപ്പിക്കുന്നത്. സുമനസുകൾ തുണയ്ക്കുമെന്നാണ് ടീച്ചറുടെ പ്രതീക്ഷ.
ഓട്ടിസം ബാധിതരായ നിരവധി കുഞ്ഞുങ്ങളുണ്ട്. അവരെയും ചേർത്തുപിടിക്കാൻ സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്.
ഡോ.പി.ഭാനുമതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |