തൃശൂർ: ഓരോ പൂരാസ്വാദകനുമാണ് തൃശൂർ പൂരം നടത്തുന്നതെന്നും കേന്ദ്രമന്ത്രിയെന്ന വലിയ ഉത്തരവാദിത്വത്തോടെയുള്ള ആദ്യ പൂരമാണ് ഈ വർഷത്തേതെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ കിഴക്കെ ഭാഗത്തു സംഘടിപ്പിക്കുന്ന തൃശൂർ പൂരം പ്രദർശനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മന്ത്രി കെ.രാജനും ചേർന്ന് ഉദ്ഘാടനം ചെയ്തു. എല്ലാവരും ആനന്ദം കൊയ്‌തെടുക്കുന്ന ഉത്സവകാലം ഏറ്റവും ഭംഗിയാകട്ടെ എന്നും നന്മകൾ കൊയ്‌തെടുക്കുന്ന വലിയ, വമ്പൻ പൂരം ആശംസിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. ആശങ്കകളുണ്ടെങ്കിലും പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് തർക്കമില്ലാതെ തൃശൂർ പൂരം നടത്തുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു. ഇരു ദേവസ്വങ്ങളും ചേർന്നു നടത്തുന്ന 62ാം പ്രദർശനമാണിത്. ഉദ്ഘാടകനായി കേന്ദ്ര മന്ത്രിയെയാണ് പൂരം പ്രദർശന കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ സുരേഷ് ഗോപിയുടെ നിർദേശപ്രകാരം മന്ത്രി കെ.രാജനും ഉദ്ഘാടനത്തിന്റെ ഭാഗമാകുകയായിരുന്നു. ഇരുവരും ഒരുമിച്ചാണ് പ്രദർശനത്തിനു തിരിതെളിച്ചത്. മേയർ എം.കെ.വർഗീസ് അദ്ധ്യക്ഷനായി. മന്ത്രി ആർ.ബിന്ദു, പി.ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് നിയുക്ത പ്രസിഡന്റ് കെ.രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ, കൗൺസിലർമാരായ പൂർണിമ സരേഷ്, റെജി ജോയ്, പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് കെ.രവീന്ദ്രനാഥ്, സെക്രട്ടറി എം.രവികുമാർ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം.ബാലഗോപാൽ, സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
ഏപ്രിലിൽ തുടക്കം
ഉദ്ഘാടനം കഴിഞ്ഞെങ്കിലും പൂരം പ്രദർശനം ആരംഭിക്കുക ഏപ്രിലിൽ. ഏപ്രിൽ രണ്ടിന് പ്രദർശനം ആരംഭിക്കാനാണ് ലക്ഷ്യം. സ്റ്റാളുകളുടെ ഒരുക്കം നടക്കുന്നു. മേയ് 6, 7 തീയതികളിലാണ് തൃശൂർ പൂരം. പൂരം പ്രദർശനം മേയ് അവസാന വാരം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |