തൃശൂർ : കാലവർഷത്തിന്റെ ആദ്യദിനം കനത്ത നാശനഷ്ടം. വഞ്ചി മറിഞ്ഞ് രണ്ട് പേരെ കാണാതായതിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. ഒരാൾക്കായി തെരച്ചിൽ തുടരുന്നു. പേരകത്ത് മരം മുറിക്കുന്നതിനിടെ മറ്റൊരു തെങ്ങ് ദേഹത്ത് വീണ് ഒരാൾ മരിച്ചു. വീടുകൾ തകർന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. വടക്കാഞ്ചേരി കാഞ്ഞിരക്കോട്, അവിട്ടത്തൂർ, കുന്നംകുളം, എടവിലങ്ങ്, എന്നിവിടങ്ങളിലും മഴ വ്യാപകനാശം വിതച്ചിട്ടുണ്ട്. വടക്കാഞ്ചേരി, കാഞ്ഞിരക്കോട് കാറ്റിലും മഴയിലും ആലത്തൂർ മനപറമ്പിൽ കൃഷ്ണൻകുട്ടിയുടെ ഓടുമേഞ്ഞ വീണ് പൂർണമായും തകർന്നു. ഇരിങ്ങാലക്കുടയിൽ അവിട്ടത്തൂർ നാട്ടേക്കാരൻ വീട്ടിൽ തോമസിന്റെ വീട് തകർന്നു വീണു. ആളപായമില്ല. കുന്നംകുളത്ത് അരി മാർക്കറ്റിലെ ഷീറ്റ് കൊണ്ടുള്ള മേൽക്കൂരകൾ തകർന്നുവീണു. എടവിലങ്ങ് കാരയിൽ ശക്തമായ കാറ്റിൽ, ഇലഞ്ഞിമരം ഒടിഞ്ഞു വീണ് കാർ തകർന്നു. വാലത്തറ വിനയന്റെ കാറാണ് തകർന്നത്. അകമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം വാകപ്പൂമരങ്ങൾ റോഡിന് കുറുകെ മറിഞ്ഞ് പാർക്ക് ചെയ്തിരുന്ന ചരക്ക് ലോറിക്ക് മുകളിലേക്ക് വീണു. കോടന്നൂർ കോടക്കാട്ടിൽ കെ.വി.ദാസന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണു. മലയോര മേഖലകളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
വീടുകൾ തകർന്നു
കൊടുങ്ങല്ലൂർ: ശക്തമായ മഴയിലും കാറ്റിലും കൂളിമുട്ടത്ത് രണ്ട് വീടുകൾ തകർന്നു. കുളിമുട്ടം പോക്ലായി ഹെൽത്ത് സെന്ററിന് പടിഞ്ഞാറു വശത്തു താമസിക്കുന്ന പണിക്കപ്പറമ്പ് അയ്യപ്പൻകുട്ടി മകൻ ഷാജിയുടെ ഓട് മേഞ്ഞ വീടും ഊമത്തറ കാട്ടുങ്ങൽ ശങ്കുട്ടി ഭാര്യ കോമളയുടെ വീടുമാണ് തകർന്നത്. ഇന്നലെ വൈകിട്ട് 3.50ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വീടുകൾ തകർന്നത്.
മണ്ണിടിഞ്ഞു
കുന്നംകുളം അടുപ്പൂട്ടി ഉരുളിക്കുന്നിൽ മണ്ണിടിഞ്ഞ് 15ഓളം വീടുകൾ ആശങ്കയിൽ. ആളപായമില്ല. വില്ലേജ് അധികൃതരും ജനപ്രതിനിധികളും പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. എം.ജി റോഡിൽ ശക്തമായ കാറ്റിൽ ഷീറ്റ് മേഞ്ഞ മേൽക്കൂര താഴെ വീണു. ആളപായമില്ല. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന മേൽക്കൂരയാണ് സമീപത്തെ വീട്ടുവളപ്പിലേക്ക് വീണത്.
ഗതാഗതക്കുരുക്ക്
റോഡ് നിർമ്മാണ പ്രവൃത്തികൾ തുടരുന്നതിനിടെ എത്തിയ മഴ ദേശീയ പാതയിലും സംസ്ഥാനപാതകളിലും ഗതാഗത കുരുക്ക് സൃഷ്ടിച്ചു. പലയിടത്തും നിർമ്മാണങ്ങളെയും മഴ ബാധിച്ചു. വെള്ളക്കെട്ടും ഉടലെടുത്തു. തൃശൂർ - കുന്നംകുളം സംസ്ഥാനപാതയിൽ ശക്തമായ മഴ കൂടിയായതോടെ വൻ കുരുക്കായി. ഇന്നലെ വൈകിട്ട് വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
ഖനന പ്രവർത്തനം നിറുത്തി
മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിറുത്തിവെച്ചതായി കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
ജാഗ്രത പാലിക്കണം; മന്ത്രി
തൃശൂർ : കാലവർഷം ഇത്തവണ നേരത്തെയാണ്, ഒരാഴ്ചക്കാലം നല്ല മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ.രാജൻ. സംസ്ഥാനത്തും ജില്ലയിലും സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ തയ്യാറെടുപ്പും നടത്തുന്നുണ്ട്. തൃശൂരിൽ അറുപത്തിനായിരത്തോളം ആളുകളെ ആവശ്യം വന്നാൽ താമസിപ്പിക്കാൻ കഴിയുന്ന തരത്തിൽ ജില്ലയിൽ 320 ക്യാമ്പുകൾ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |