പുരപ്പുറ സോളാർ പദ്ധതിയിൽ പെരിഞ്ഞനം മാതൃക
തൃശൂർ: 'പെരിഞ്ഞനോർജം' സോളാർ പദ്ധതിയിലൂടെ ഊർജത്തിൽ സ്വയംപര്യാപ്ത ഗ്രാമമായ പെരിഞ്ഞനം ഇനി പുതിയ കാൽവയ്പിലേക്ക്. കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് കൈമാറുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് ഉപഭോഗം കൂടുന്ന വൈകിട്ടത്തേക്ക് കെ.എസ്.ഇ.ബിക്ക് വിൽക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. പുനരുപയോഗ ഊർജത്തിന്റെ സാദ്ധ്യതകൾ 2016 മുതൽ പ്രയോജനപ്പെടുത്തിയ ഗ്രാമം പുരപ്പുറ സോളാർ പദ്ധതിക്കിട്ട പേരാണ് 'പെരിഞ്ഞനോർജം'. ഇതിലൂടെ തുടക്കത്തിൽ 360ഓളം വീടുകളിലായി 500 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചതെങ്കിൽ ഇപ്പോൾ ഉപഭോഗം കഴിഞ്ഞ് മൂന്ന് മെഗാവാട്ട് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് കൈമാറുന്നുണ്ട്. അതായത് 3000 യൂണിറ്റ് വൈദ്യുതി. ഈ വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് നൽകാനാണ് പദ്ധതി. പകൽ നൽകുന്ന വൈദ്യുതിക്ക് ഒരു യൂണിറ്റിന് 2.34 രൂപ മാത്രമാണ് ലഭിക്കുന്നുന്നത്. എന്നാൽ വൈകിട്ട് കെ.എസ്.ഇ.ബി 14 രൂപയോളം ചെലവഴിച്ചാണ് വാങ്ങുന്നത്.
ജനകീയ ഉപഭോക്തൃ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതി ഒമ്പത് വർഷം പിന്നിടുമ്പോഴാണ് മറ്റൊരു കാൽവയ്പിലേക്ക് കടക്കുകന്നത്. കമ്യൂണിറ്റി ബെസ്സ് (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) പദ്ധതി നടപ്പാക്കുന്നതിനായി സാദ്ധ്യതാ പഠനം ഇതിനകം പൂർത്തിയാക്കി. പെരിഞ്ഞനത്തെ പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കാൻ മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്.
ജനകീയ പദ്ധതി
ഊർജ വികേന്ദ്രീകരണം ലക്ഷ്യമിട്ട് ജനഉടമസ്ഥതയിലുള്ള പദ്ധതിക്കായി അസർ സോഷ്യൽ ഇംപാക്ട് അഡ്വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് സാദ്ധ്യതാപഠനം നടത്തിയത്. കെ.എസ്.ഇ.ബിക്കും ജനങ്ങൾക്കും ഒരുപോലെ ഗുണകരമായ പദ്ധതി രാജ്യത്ത് തന്നെ ആദ്യത്തേതാണ്. ഗുണഭോക്തൃ വിഹിതത്തോടൊപ്പം വയബിലിറ്റി ഗ്യാപ് ഫണ്ട് കൂടി കെ.എസ്.ഇ.ബി നൽകിയാൽ ഉടൻ പ്രാവർത്തികമാകും.
പെരിഞ്ഞനോർജം
ഉപഭോക്താക്കളിൽ നിന്നും ഒരു കിലോവാട്ടിന് 49500 രൂപ മാത്രം ഈടാക്കി 500 കിലോവാട്ടിലാണ് പെരിഞ്ഞനം കെ.എസ്.ഇ.ബി ഡിവിഷന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തമിഴ്‌നാട്ടിലെ ജി.പി.ആർ പവർ സൊല്യൂഷൻസിന്റെ സാങ്കേതിക സഹായത്തോടെ പെരിഞ്ഞനോർജം നടപ്പാക്കിയത്. 300 വീടുകളിൽ ആരംഭിച്ച പദ്ധതി ഇപ്പോൾ ആയിരത്തോളം വീടുകളിലുണ്ട്. ഇൻവെർട്ടറിന് അഞ്ചുവർഷവും സോളാർ പാനലിന് 25 വർഷവുമാണ് ഗ്യാരന്റി. ഗ്യാരന്റി കാലാവധിക്ക് ശേഷം ജനകീയ ഉപഭോക്തൃ സമിതി നേരിട്ടാണ് അറ്റകുറ്റപ്പണികൾ നിർവഹിക്കുന്നത്. പെരിഞ്ഞനം പഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തുകളായ കയ്പമംഗലവും മതിലകവും ഇപ്പോൾ പദ്ധതിക്ക് കീഴിലുണ്ട്.
956ൽ 600 പഞ്ചായത്തുകളെങ്കിലും പെരിഞ്ഞനോർജം പോലുള്ള പദ്ധതി നടപ്പാക്കിയാൽ സംസ്ഥാനത്തെ ഊർജപ്രതിസന്ധി പരിഹരിക്കാനാകും. കാർബൺ ബഹിർഗമനം കുറയ്ക്കാനും ഗ്രീൻ എനർജി സഹായിക്കുന്നുണ്ട്.
കെ.കെ.സച്ചിത്ത്, പെരിഞ്ഞനം പഞ്ചായത്ത് മുൻ പ്രസിഡന്റ് (പെരിഞ്ഞനോർജം ആസൂത്രകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |