
ചാലക്കുടി: ഒടുവിൽ പീലാർമുഴിയിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചു, ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. വർഷങ്ങളായി തുടരുന്ന ആനകളുടെ വിളയാട്ടം ഇപ്പോൾ ദുരന്തത്തിൽ കലാശിച്ചു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കുമോയെന്ന ഭയത്തിലാണ് ജനങ്ങൾ. ഏതാനും വർഷങ്ങളായി പീലാർമുഴിയിലെ വാട്ടർ ടാങ്ക് പരിസരം കാട്ടാന ഭീഷണി നേരിടുന്നുണ്ട്. രാത്രിയോടെ കോർമലയിൽ നിന്നുമെത്തുന്ന ആനകൾ കോട്ടാമല കാട്ടിൽ തമ്പടിക്കും. പുലർച്ചയോടെ തീറ്റതേടി തോട്ടങ്ങളിൽ ചുറ്റിത്തിരിയും. ഇതാണ് ഇവയുടെ സഞ്ചാര രീതി. പ്രദേശത്തെ വാഴത്തോട്ടങ്ങളെല്ലാം ആനകൾ തകർക്കുന്നതിനാൽ ഇപ്പോൾ ആളുകൾ വാഴക്കൃഷി ഉപേക്ഷിച്ച മട്ടാണ്. മറ്റു കാർഷിക വിളകളും ആനകളും മറ്റു മൃഗങ്ങളും നശിപ്പിക്കുന്നുണ്ട്. നേരത്തെ ഇവിടെയുണ്ടായിരുന്ന പൈനാപ്പിൾ കൃഷിയെ ആകർഷിച്ച് നിരവധി ആനകൾ എത്തുമായിരുന്നു. ഒടുവിൽ ഉടമകൾ പൈനാപ്പിൾ കൃഷി വേണ്ടെന്നുവച്ചു.
ഏഴ് ആനകൾ തമ്പടിച്ചു
ഏഴ് ആനകളാണ് കഴിഞ്ഞ ദിവസം ഇവിടെ റബർ തോട്ടത്തിൽ തമ്പടിച്ചത്. ടാപ്പിംഗ് തൊഴിലാളിയെ ആക്രമിക്കാനും ശ്രമമുണ്ടായി. ഇതിൽ ഒരാനയാണ് രാവിലെ ചായ കുടിക്കാൻ പോയ വൃദ്ധനെ ആക്രമിച്ചത്. സംഭവം ആരും കണ്ടില്ലെന്ന് പറയുന്നു. റബർ തോട്ടത്തിൽ ചുറ്റിത്തിരിയുന്ന ആനകളെ തുരത്താൻ എത്തിയ വനപാലകരാണ് ആനയുടെ ചവിട്ടേറ്റ് റോഡിൽ കിടക്കുകയായിരുന്ന തെക്കൂട്ട് സുബ്രനെ കണ്ടത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും മരണപ്പെട്ടു. ഇൗ വഴിയിലൂടെ എല്ലാ ദിവസവും ചായ കുടിക്കാൻ പോകുന്ന സുബ്രനാണ് എല്ലാ ദിവസവും റോഡിലെ തെരുവുവിളക്കുകളുടെ ഫീസ് ഊരുന്നത്.
വാട്ടർ ടാങ്ക് പരിസരത്ത് രണ്ട് വീടുകൾ മാത്രം
വാട്ടർ ടാങ്ക് പരിസരത്തുള്ള കൊത്തുപണികൾ നടത്തുന്ന ലിജു യേശുദാസ് എന്നയാൾ ജീവൻ പണയപ്പെടുത്തിയാണ് വർഷങ്ങളായി ഇവിടെ കഴിയുന്നത്. ഇയാളുടേത് ഉൾപ്പെടെ രണ്ട് വീടുകൾ മാത്രമാണ് വാട്ടർ ടാങ്ക് പരിസരത്തുള്ളത്. ഇതിന്റെ പിൻഭാഗമാണ് കോട്ടാമല വനം. ഇവിടെ പാറമടയുടെ ഓരത്ത് മറഞ്ഞിരിക്കുന്ന ആനകൾ രാത്രിയോടെ മറ്റിടങ്ങളിലെത്തുകയാണ്. ഇതേക്കുറിച്ച് നിരന്തരം പരാതികൾ പറഞ്ഞിട്ടും അധികൃതർ പരാഹാരം കാണുന്നില്ലെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |