
തൃശൂർ: ആളും ആരവവും നിറഞ്ഞു, കൗമാര കലാമേളയുടെ ഉത്സവത്തിമർപ്പിൽ പൂര നഗരി. ഉദ്ഘാടനത്തിന് ശേഷം പ്രധാന വേദിയായ സൂര്യകാന്തിയിൽ ലാസ്യനടനം വിടർത്തി മോഹനിയാട്ടത്തോടെ 24 വേദികളും ഉണർന്നു. പ്രധാന വേദിയിൽ രാവിലെ മുതൽ ആസ്വാദകർ നിറഞ്ഞു. വൈകിട്ട് ഒന്നാം വേദി നിറഞ്ഞു കവിഞ്ഞു. ഭരതനാട്യം, ഗോത്രകലാരൂപമായ പണിയ നൃത്തം എന്നിവ അരങ്ങേറിയ മൂന്നാം വേദിയിലും കാണികൾ ഒഴുകിയെത്തി.
ടൗൺഹാൾ വേദിയിലെ ഹയർസെക്കൻഡറി വിഭാഗം മിമിക്രി വേദിയിലും കാഴ്ച്ചക്കാരെത്തി. മത്സരം 11 ന് ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ഉദ്ഘാടന ചടങ്ങുകൾ അവസാനിക്കാൻ വൈകിയതോടെ ഒരു മണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്.
പ്രമുഖരുടെ സാന്നിദ്ധ്യം
പ്രമുഖരാൽ സമ്പന്നമായി ഉദ്ഘാടന വേദി. മുൻ മന്ത്രിമാരായ വി.എസ്.സുനിൽ കുമാർ, കെ.പി.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, കലാമണ്ഡലം ഗോപിയാശാൻ, പെരുവനം കുട്ടൻ മാരാർ, ടി.വി.ചന്ദ്രമോഹൻ, ജസ്റ്റിൻ ജേക്കബ്, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ , സാഹിത്യ അക്കാഡമി സെക്രട്ടറി അബുബക്കർ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, പൂർണിമ സുരേഷ്, രാജേന്ദ്രൻ അരങ്ങത്ത്, ഷീല വിജയകുമാർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ഏഷ്യയിലെ വലിയ കൗമാര കലാമാമാങ്കമായി കലോത്സവം വളർന്നത് പൊതുവിദ്യാഭ്യാസത്തിന്റെ കരുത്തു തെളിയിക്കുന്നതാണ്. ഇത്തവണ 'ഉത്തരവാദിത്ത കലോത്സവ'മായാണ് നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് രഹിതവും ജങ്ക് ഫുഡ് വിമുക്തവുമായി പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഒരു മാതൃകാ മേളയാകണം ഇത്. അവധിക്കാലം പ്രയോജനപ്പെടുത്തി അടുത്ത വർഷം മുതൽ കുട്ടികൾക്ക് കലാകായിക പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കും.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
രുചിക്കൂട്ടിൽമനംനിറച്ച് പതിനായിരങ്ങൾ
തൃശൂർ: പഴയിടം ഒരുക്കിയ രുചിക്കൂട്ടിൽ മനം നിറച്ച് പതിനായിരങ്ങൾ. കലോത്സവത്തിന്റെ ഭാഗമായി മത്സരാർഥികൾ ഉൾപ്പെടെ അരലക്ഷത്തോളം പേരാണ് ആദ്യദിനത്തിൽ അഞ്ചു തവണകളിലായി ഭക്ഷണം കഴിച്ചത്. രാവിലെ 6000 പേർക്ക് നവധാന്യ ദോശ, വെജിറ്റബിൾ സ്റ്റൂ, ചായ എന്നിവ പ്രഭാതഭക്ഷണമായി നൽകി. ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, ഓലൻ, തോരൻ, അച്ചാർ, പപ്പടം, മോര്, ചക്ക പായസം എന്നിവ ഉൾപ്പെടെ
ഇരുപതിനായിരത്തോളം പേർക്ക് ഉച്ചഭക്ഷണം വിളമ്പി. വൈകുന്നേരം ചപ്പാത്തി, വെജിറ്റബിൾ കുറുമ എന്നിവയോടൊപ്പം കട്ടൻകാപ്പിയും ഒരുക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ ശിവൻകുട്ടി, കെ.രാജൻ, മേയർ നിജി ജസ്റ്റിൻ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ഭക്ഷണശാലയിലെത്തി ഭക്ഷണം വിളമ്പി നൽകിയ ശേഷം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്.
മേളപ്പെരുക്കം തീർത്ത് കിഴക്കൂട്ടും ചെറുശ്ശേരിയും
കൃഷ്ണകുമാർ ആമലത്ത്
തൃശൂർ: കലോത്സവത്തിന്റെ തീരശീല ഉയരും മുമ്പ് വടക്കുംനാഥന്റെ കിഴക്കെ ഗോപൂര വഴിയിൽ പാണ്ടിയുടെ പെരുക്കം തീർത്ത് കിഴക്കൂട്ടും ചെറുശ്ശേരിയും. പാറമേക്കാവിന്റെ മേള പ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും തിരുവമ്പാടിയുടെ മേളനായകൻ ചെറുശ്ശേരി കുട്ടൻ മാരാരും ഉരുട്ടു ചെണ്ടയിൽ പാണ്ടിയിൽ കൊട്ടിക്കയറിപ്പോൾ കലോത്സവ നഗരി പൂര നഗരിയായി. വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണൻ, താളത്തിന് ഏഷ്യാഡ് ശശി, കൊമ്പിന് മച്ചാട് മണികണ്ഠൻ, കുഴലിന് വെളപ്പായ നന്ദനും പ്രമാണിമാരായി.
വർണ്ണങ്ങളുടെ നീരാട്ട്
മേളത്തിന് ഒപ്പം 64 കുടകൾ ഉയർത്തി കലാനഗരി വർണ്ണത്തിലാറാടി. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിന് കലോത്സവ നഗരി സാക്ഷിയായി. പാറമേക്കാവ്,തിരുവമ്പാടി, പൂരം പ്രദർശന കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലായിരുന്നു മേളവും കുടമാറ്റവും.
നടനവൈഭവം നിറഞ്ഞ് സ്വാഗത ഗാനം
തൃശൂർ: മലയാളത്തിന്റെ കലാമഹിമ വിളിച്ചോതി ഉദ്ഘാടന വേദിയിൽ കലാമണ്ഡലത്തിന്റെ സ്വാഗതഗാനം. കേരള കലാമണ്ഡത്തിലെ പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥികൾ സ്വാഗത ഗാനത്തിന് നൃത്തച്ചുവടുകൾ വച്ചു. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, തുള്ളൽ, കൂടിയാട്ടം മത്സരാർഥികളും ഗാനത്തിന് ചുവടുവച്ചു. നൃത്തവിഭാഗം മേധാവി ഡോ.രജിതാ രവി, അദ്ധ്യാപകരായ കലാമണ്ഡലം ലതിക, കലാമണ്ഡലം പൂജ, കലാമണ്ഡലം വീണ, കലാക്ഷേത്ര രേവതി, ഡോ. വിദ്യാ റാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ബി.കെ ഹരിനാരായണന്റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പൻ സംഗീതം നൽകി. കലാമണ്ഡലം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികളായ ആർച്ച ശശികുമാർ, അനന്യ ഗോപൻ, സാന്ദ്ര ഉണ്ണി, നവമി കൃഷ്ണ, വി.പി. വിശ്വപ്രിയ, ടി.വൈഗ, കൃഷ്ണാജ്ഞന സുരേഷ്, എസ്.ആർ. വൃന്ദ, നിരഞ്ജന ബേബി, എ. ലക്ഷ്മി, എം.പി. അഭിന,കെ.ടി. അളക നന്ദ, ശിവപ്രിയ ബി.നായർ, വി. കൃഷ്ണശ്രീ, പാർവതി ഷാജു, ടി.പി. അനുശ്രീ, സി. ബി.കൃഷ്ണകൃപ, എസ്.ആദിത്യ, അർഷ ഹസീബ്, കെ.ഋതുനന്ദ, സി.ആർ. ആദിലക്ഷ്മി, കെ. വൈഷ്ണ, പി.ആർ. ഗൗരി, സാരംഗി സന്തോഷ്കുമാർ, ആവണി. കെ. ദിലീപ്, പി. വി. ഗൗരിനന്ദ . ടി. വി. രഞ്ജിനി, മാളവിക ശ്രീകുമാർ, ബി.ബി. അവന്തികകൃഷ്ണ, ഇ.എസ്. ശ്വേത ലക്ഷ്മി, കെ. എസ്. ആര്യ,എ. അക്ഷയ, ദുർഗ രമേശ് എന്നിവരാണ് സ്വാഗത നൃത്തം അവതരിപ്പിച്ചത്.
പണിയനൃത്തത്തിൽ
മിന്നുംപ്രകടനം
തൃശൂർ: വർണങ്ങളെന്നും അന്യമായ ആദിവാസിക്കുട്ടികൾ കൗമാര കലാമേളയിൽ നടത്തിയത് മിന്നുംപ്രകടനം. പണിയരുടെ തനത് കലാരൂപമായ പണിയ നൃത്തം എച്ച്.എസ്.എസ് വിഭാഗത്തിലെ രണ്ട് ടീമുകളിൽ ഭൂരിഭാഗവും ആദിവാസി കുട്ടിക്കലാകാരൻമാരായിരുന്നു. വയനാട് സർവോദയം സ്കൂളിലെ പണിയനൃത്ത സംഘത്തിലെ 12ൽ പത്ത് പേരും പണിയ വിഭാഗക്കാരാണ്. കാസർകോട് മാലോത്ത് കസബ ജി.എച്ച്.എസ്.എസ് സ്കൂളിന്റെ പണിയനൃത്തം അവതരിപ്പിച്ച ടീമിലെ 12 കുട്ടികളും ആദിവാസി വിഭാഗത്തിലുള്ളവരാണ്. ഹയർ സെക്കൻഡറി വിഭാഗം പണിയനൃത്തം അവതരിപ്പിച്ച 17 ടീമുകൾക്കും എ ഗ്രേഡ് ലഭിച്ചു.
ശ്രദ്ധേയം കേരളകൗമുദി
അടിക്കുറിപ്പ് മത്സരം
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിക്കു സമീപമുള്ള കേരളകൗമുദി സ്റ്റാളിൽ നടത്തിയ 'കേരളകൗമുദി അടിക്കുറിപ്പ്' മത്സരം ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായി. ആദ്യദിനത്തിൽ കളക്ടർ അർജുൻ പാണ്ഡ്യൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കലോത്സവപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഫോട്ടോയ്ക്കാണ് അടിക്കുറിപ്പ് എഴുതേണ്ടത്. 'കേരളകൗമുദി അമല ഹോസ്പിറ്റൽ ഇൻ അസോസിയേഷൻ വിത്ത് ബാങ്ക് ഒഫ് ബറോഡ, സ്വർണ്ണമുഖി ജ്വല്ലറി, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ അടിക്കുറിപ്പ് മത്സര'ത്തിൽ വിജയികളാകുന്നവർക്ക് എല്ലാദിവസവും കൈനിറയെ സമ്മാനമുണ്ട്. അടിക്കുറിപ്പ് എഴുതി സ്റ്റാളിലെ ബോക്സിൽ നിക്ഷേപിക്കണം. തേക്കിൻകാട് മൈതാനത്തിലെ എക്സിബിഷൻ ഗ്രൗണ്ടിലുളള പ്രധാന വേദിക്ക് സമീപമാണ് കേരളകൗമുദിയുടെ സ്റ്റാൾ.
ഇന്നലത്തെ വിജയി:
എസ്. മാത്യു. മങ്ങാട്, കണ്ടച്ചിറ, കൊല്ലം.
ചാക്യാരായി "മിന്നൽ, ജോസ് മോൻ"
തൃശൂർ: ഉച്ചാരണശുദ്ധി കൊണ്ടും ശൈലി കൊണ്ടും വേദിയിൽ ചിരിമഴ പൊഴിയിക്കാൻ സിനിമാ സെറ്റിൽ നിന്നാണ് ഇത്തവണ ചാക്യാർ വേദിയിലെത്തിയത്. പേര് വസിഷ്ഠ് ഉമേഷ്.
ചാക്യാരായ വസിഷ്ഠിനെ ആദ്യം ആർക്കും പിടികിട്ടിയില്ല. പാഞ്ചാലി സ്വയംവരം കഥ മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദിക്കാൻ ആളുകളെത്തിയപ്പോഴാണ് മാമന്റെ സൂപ്പർ പവർ കണ്ടെത്താൻ പിറകെ നടന്ന 'മിന്നൽ മുരളി'യിലെ ജോസ് മോനാണെന്ന് അറിയുന്നത്.
ചെന്നൈയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന അർജുൻ ദാസ് നായകനാകുന്ന തമിഴ് ചിത്രം 'സൂപ്പർ ഹീറോ'യുടെ സെറ്റിൽ നിന്നാണ് വരവ്. സിനിമയിൽ മുഴുനീള കഥാപാത്രമാണ് വസിഷ്ഠിന്റേത്. വെള്ളിയാഴ്ച തിരികെ ചെന്നൈയിലേക്ക് മടങ്ങും. പാലക്കാട് വാണിയംകുളം ടി.ആർ.കെ എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൂന്ന് വർഷമായി പൈങ്കുളം നാരായണ ചാക്യാരുടെ കീഴിൽ ചാക്യാർകൂത്ത് അഭ്യസിക്കുന്നു. കഴിഞ്ഞവർഷം എ ഗ്രേഡ് നേടിയിരുന്നു. അദ്ധ്യാപകരായ ജ്യോതിയും ഉമേഷുമാണ് മാതാപിതാക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |