
പത്തനംതിട്ട: ഹരിവരാസനം പുരസ്‌കാരം ലഭിച്ച പുണ്യനിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ലെന്ന് നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കര്‍. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവനില്‍ നിന്നും ഹരിവരാസനം പുരസ്‌കാരം ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ ഏറ്റുവാങ്ങി മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. 12-ാം വയസില്‍ നാഗസ്വര വായന ആരംഭിച്ചു, 90-ാം വയസിലും അര്‍പ്പണ ബോധത്തോടെ വായന തുടരുന്നു. കലാജീവിതത്തില്‍ നിരവധി അവാര്‍ഡ് ലഭിച്ചെങ്കിലും ഹരിവരാസനം പുരസ്‌കാരം അതിലുമേറെ വിലമതിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ജീവിതത്തില്‍ ഇതില്‍ കൂടുതലായി ഒന്നും നേടാനില്ല. നവതിയില്‍ പുരസ്‌കാരം ലഭിച്ചത് അതീവ സന്തോഷവാനാക്കി. മനസില്‍ ഉള്‍കൊണ്ട് ഓരോ കീര്‍ത്തനം വായിക്കുന്നതിനാല്‍ സംഗീതത്തിന്റെ ഭാവം ആസ്വാദകര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നുണ്ട്. സ്വയം ആസ്വദിച്ചാണ് ഓരോ കീര്‍ത്തനവും അവതരിപ്പിക്കുന്നത്. സംഗീതത്തിന് ലഭിക്കുന്ന അംഗീകാരം അതിന്റെ ഭാവാത്മകത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമില്‍ നിന്ന് ലഭിച്ച അനുമോദനം ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |