
പോത്തൻകോട്: 70ലേറെ നായ്ക്കളുമായി താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിയുമായി നാട്ടുകാർ. ചേങ്കോട്ടുകോണം മഠവൂർപ്പാറയിൽ താമസിക്കുന്ന കഴക്കൂട്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥ മെറ്രിൽഡയ്ക്കെതിരെയാണ് പരാതി. ഇവരുടെ വീട്ടിലെ മുറികളിലും അടുക്കളയിലും സിറ്റൗട്ടിലുമെന്നല്ല,മുറ്റത്തും ടെറസിലും വീടിന് ചുറ്റിലും നായ്ക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഒറ്റയ്ക്ക് താമസിക്കുന്ന മെറ്റിൽഡയ്ക്കൊപ്പം മൂന്ന് വർഷത്തിന് മുമ്പ് രണ്ട് നായ്ക്കൾ മാത്രമാണുണ്ടായിരുന്നത്. അതിനുശേഷമാണ് തെരുവ് നായ്ക്കൾ അടക്കമുള്ളവയെ വീട്ടിൽ വളർത്താൻ തുടങ്ങിയത്. നായ്ക്കളുടെ നിരന്തര കുരച്ചിലും അസമയങ്ങളിലെ ഓരിയിടലും കാരണം നാട്ടുകാർ പൊറുതിമുട്ടിയിരിക്കുകയാണ്. ഇറച്ചിക്കടകളിൽനിന്ന് മാലിന്യം വാങ്ങി നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുകയാണ് പതിവ്. ഇതിന്റെയും ദുർഗന്ധം അസഹനീയമാണ്. ഇലക്ട്രിസിറ്രി,വാട്ടർ റീഡിംഗ് എടുക്കാനെത്തുന്ന ജീവനക്കാർക്ക് അകത്ത് കയറാനാവില്ല.
കൊറിയർ,ഓൺലൈൻ ഡെലിവറിക്കാരും വീടിന് അപ്പുറത്തുവച്ച് സാധനം കൈമാറി മടങ്ങുകയാണ് പതിവ്. നിരവധിതവണ പൊലീസിലും നഗരസഭയിലും പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് സ്ഥലവാസികൾ പറഞ്ഞു. പരാതിയെ തുടർന്ന് നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇത്രയും നായ്ക്കളെ മാറ്റാനുള്ള ഷെൽട്ടറില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. 2024 നവംബറിൽ റൂറൽ എസ്.പിക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ആറുമാസം മുമ്പ് പോത്തൻകോട് പൊലീസിൽ പരാതിപ്പെട്ടപ്പോൾ ഉദ്യോഗസ്ഥർ തട്ടിക്കയറിയെന്നാണ് സമീപവാസികളുടെ പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |