
കൊല്ലങ്കോട്: ചെന്നൈ സെൻട്രൽ-പാലക്കാട് എക്സ്‌പ്രസിന്(22651-52) കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ സമൂഹ മാദ്ധ്യമമായ എക്സിൽ പ്രഖ്യാപിച്ചിട്ട് ഒരാഴ്ചയായെങ്കിലും എന്നു മുതലാണ് ട്രെയിൻ കൊല്ലങ്കോട് നിറുത്തുകയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുൾപ്പെടെ കേരളത്തിലൂടെയുള്ള 15 ട്രെയിനിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൂടുതൽ സ്റ്റോപ്പ് അനുവദിച്ചതായി ഈ മാസം എട്ടിനാണ് ജോർജ് കുര്യൻ എക്സിൽ പങ്കുവച്ചത്. പാലക്കാട്-പൊള്ളാച്ചി മീറ്റർ ഗേജ് പാത 600 കോടിയിലേറെ രൂപ ചിലവഴിച്ച് ബ്രോഡ് ഗേജ് ആക്കിയിട്ടും ഇതുവഴി അമൃത എക്സ്‌പ്രസ് ഉൾപ്പെടെ വിരലിലെണ്ണാവുന്ന പാസഞ്ചർ ട്രെയിൻ മാത്രമേയുള്ളു. നിരവധി സമരങ്ങൾ നടത്തിയിട്ടാണ് തിരുവനന്തപുരം-രാമേശ്വരം അമൃത എക്സ്‌പ്രസിന്(16343-44) റെയിൽവേ കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിച്ചത്. ഈ റൂട്ടിലെ മറ്റൊരു പ്രധാന ട്രെയിനായ ചെന്നൈ-പാലക്കാട് എക്സ്‌പ്രസിനും കൊല്ലങ്കോട് സ്റ്റോപ്പ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കേരളത്തിൽ പാലക്കാട് ജംഗ്ഷൻ, പാലക്കാട് ടൗൺ എന്നിവിടങ്ങളിൽ മാത്രമേ ട്രെയിനിനു സ്റ്റോപ്പ് ഉള്ളു. പാലക്കാട് ടൗൺ കഴിഞ്ഞാൽ പിന്നെ പൊള്ളാച്ചിയിലാണ് ട്രെയിൻ നിറുത്തുക. കെ.രാധാകൃഷ്ണൻ എം.പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. തുടർന്ന് ഏറെ കാത്തിരിപ്പിനൊടുവിൽ ട്രെയിനിന് ഇവിടെ സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചെങ്കിലും ഇത് എന്നു നടപ്പാകുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ഒരാഴ്ച്ചയായിട്ടും കൊല്ലങ്കോട് വഴി പോകുന്ന പാലക്കാട്-ചെന്നൈ സെൻട്രൽ എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിറുത്താതെ പോകുന്നത് യാത്രക്കാർക്ക് ഏറെ നിരാശായിലാക്കുന്നു. ട്രെയിനിന്റെ സമയക്രമം, നിറുത്തുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവയെല്ലാം റെയിൽവേ അറിയിക്കേണ്ടതുണ്ട്. നിലവിൽ പാലക്കാട്-പൊള്ളാച്ചി ലൈനിൽ മൂന്ന് പാസഞ്ചർ ട്രെയിൻ മാത്രമാണ് സർവീസ് നടത്തുന്നത്. നിലമ്പൂർ റോഡ്-ഷൊർണൂർ റോഡ് മെമു(66325-26) ട്രെയിനിന് തുവ്വൂർ, നിലമ്പൂർ റോഡ്-കോട്ടയം എക്സ്‌പ്രസിന്(16325-26) തുവ്വൂർ, വല്ലപ്പുഴ, ഹിസാർ-കോയമ്പത്തൂർ എക്സ്‌പ്രസിന്(22475-76) തിരൂർ എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിച്ചതായി ജോർജ് കുര്യൻ എക്സിലൂടെ അറിയിച്ചിരുന്നു. ഈ സ്റ്റോപ്പുകളും ഇനിയും യാഥാർത്ഥ്യമായിട്ടില്ല. റെയിൽവേയുടെ ഔദ്യോഗിക നടപടി ക്രമങ്ങൾക്ക് ശേഷം ഇവയെല്ലാം ഉടൻ നടപ്പിലാകുമെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |