
തൃശൂർ: ഭൂഗർഭ ജലവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ സർവേയിൽ ഭൂഗർഭ ജലവിതാനം 1.6 മീറ്റർ ഉയർന്നതായി കണ്ടെത്തി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള 446 കിണറുകളിലും 373 കുഴൽക്കിണറിലുമാണ് പരിശോധന നടത്തിയത്.
2020 മുതൽ തുടരുന്ന കിണർ റീചാർജിംഗിന് പ്രാധാന്യം നൽകിയുള്ള പദ്ധതികളും മഴ കൂടിയതും കാലാവസ്ഥാ വ്യതിയാനവും ജലവിതാനത്തിന്റെ ഉയർച്ചയ്ക്ക് കാരണമായെന്നാണ് നിഗമനം. അതേസമയം കൃഷിയിടങ്ങൾ ഇല്ലാതാകുന്നതിനാൽ വെള്ളം കെട്ടിക്കിടന്ന് ഭൂമിയിലേക്ക് താഴാനുള്ള സാഹചര്യമില്ലാത്തതിനാൽ ജലവിതാനം താഴ്ന്ന ഭൂവിഭാഗങ്ങളും സർവേയിൽ കണ്ടെത്തി.
കാസർകോട് ജില്ലയിലാണ് കൂടുതൽ ഭൂഗർഭ ജിലനിരപ്പ് ഉയർന്നത്. 3 മീറ്റർ. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ രണ്ട് മീറ്ററാണ് ഉയർന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഒരു മീറ്ററാണ് ശരാശരി ഉയർന്ന ജലനിരപ്പ്.
താഴ്ന്ന് ജലവിതാനം
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഭൂഗർഭ ജലവിതാനം താഴുന്നതും ശ്രദ്ധയിൽപെട്ടു. തിരുവനന്തപുരത്തെ കഴക്കൂട്ടം, തിരൂരങ്ങാടി (മലപ്പുറം), കാഞ്ഞങ്ങാട് (കാസർകോട്) എന്നിവിടങ്ങളിലാണ് കിണറ്റിലെ വെള്ളം താഴ്ന്നുപോകുന്നത് കണ്ടെത്തിയത്. കൊല്ലം, കോന്നി, റാന്നി, അരീക്കോട്, എറണാകുളത്തെ പാറക്കടവ് എന്നിവിടങ്ങളിലെ കുഴൽക്കിണറുകളിൽ ജലവിതാനം താഴ്ന്നതും കണ്ടെത്തി. 0.5 മീറ്റർ മുതൽ ഒരു മീറ്റർ വരെ താഴ്ന്നെന്നാണ് വിലയിരുത്തൽ. കൃഷിയിടങ്ങൾ ഇല്ലാതാകുന്നത് ജലവിതാനം താഴാനിടയാക്കുന്നുണ്ട്. ഇവിടങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തി സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളും കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ഭൂഗർഭ ജലവകുപ്പ്.
ജലവിതാനം ഉയർന്ന ജില്ലകൾ
കാസർകോട്
3 മീറ്റർ
കണ്ണൂർ, വയനാട്, കോഴിക്കോട്
2 മീറ്റർ
നിരീക്ഷണം നടത്തിയത്
കിണറുകൾ 446
കുഴൽക്കിണറുകൾ 373.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |