കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിക്കുവേണ്ടി അഞ്ചു കോടിയിലേറെ രൂപ ചെലവിട്ട് നിർമിച്ച അഞ്ചുനില കെട്ടിടം ആറുവർഷമായിട്ടും പൂർണമായി ഉപയോഗിക്കാനായില്ല. കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് ആളുകളെ പ്രവേശിപ്പിച്ചത് തൊട്ടടുത്തുള്ള സബ് ജയിലിന്റെ സ്വകാര്യതയേയും സുരക്ഷിതത്വത്തേയും ബാധിക്കുമെന്ന് പറഞ്ഞു ജയിൽ അധികൃതരുടെ എതിർപ്പായിരുന്നു ആദ്യത്തെപ്രശ്‌നം. കെട്ടിടത്തിന് ലിഫ്റ്റും അഗ്നിരക്ഷാ സംവിധാനങ്ങളും നീണ്ടുപോകുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കെട്ടിടത്തിന്റെ താഴത്തെ രണ്ടു നിലകളിൽ മാത്രം ഏതാനും ഒ.പികൾ പ്രവർത്തിക്കുന്നുണ്ട്.
കാസർകോട് പാക്കേജ് വികസനത്തിൽ നിന്ന് വീണ്ടും രണ്ടരക്കോടി രൂപ അനുവദിച്ചാണ് കെട്ടിടത്തിൽ ലിഫ്റ്റും അഗ്നിരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തി ആരംഭിച്ചത്. ആദ്യം കെട്ടിടത്തിന്റെ അകത്തുതന്നെയാണ് ലിഫ്റ്റിനു സ്ഥാനം കണ്ടത്. അതിനു സാങ്കേതിക തടസ്സം വന്നതോടെ പിന്നീട് കെട്ടിടത്തിനു പുറത്ത് പുതിയ സ്ഥാനം കണ്ടെത്തി. പക്ഷേ എൻജിനീയർമാരും കരാറുകാരും തമ്മിലുള്ള അഭിപ്രായഭിന്നത മൂലം പലതവണ നിർമ്മാണം നിലച്ചു. നിർമിച്ച ഭാഗങ്ങൾ തന്നെ നാലുതവണ പൊളിച്ചുപണിഞ്ഞു. ഇപ്പോൾ ലിഫ്റ്റ് ചാനലിന്റെ നിർമ്മാണം പൂർണമായെങ്കിലും സാങ്കേതികാനുമതി ലഭ്യമായിട്ടില്ല. ലിഫ്റ്റും അഗ്നിരക്ഷാ സംവിധാനവും റാമ്പുമൊക്കെ പൂർത്തിയായാൽ മാത്രമേ കെട്ടിടത്തിന് നമ്പർ ലഭിക്കുകയുള്ളൂ.
കൂടാതെ, മുകൾനിലകളിലെ അനുബന്ധജോലികൾ പൂർത്തിയാക്കി ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കാനുള്ള വിധത്തിൽ സജ്ജീകരിക്കണം. ഇതൊക്കെ കഴിഞ്ഞ് കെട്ടിടം പ്രവർത്തനസജ്ജമാക്കുമ്പോഴേക്കും ഇത്രയും വർഷത്തെ കാലപ്പഴക്കം ഏതെല്ലാം വിധത്തിൽ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |