തൃശൂർ: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ല പൂർണ്ണ സജ്ജം. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ജില്ലയിൽ ആകെ 25,32,715 വോട്ടർമാരാണുള്ളത്. ഇതിൽ 12,28,118 പുരുഷന്മാരും 13,04,580 സ്ത്രീകളും 17 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടും. എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ ) മുഖേന വോട്ടർ സ്ലിപ്പുകൾ വിതരണം ചെയ്യുന്ന നടപടി പൂർത്തിയായി. 13 നിയമസഭാ മണ്ഡലങ്ങളിലായി 77 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
2,839 പോളിംഗ് സ്റ്റേഷനുകൾ
13 മണ്ഡലങ്ങളിലായി 1,321 കേന്ദ്രങ്ങളിലായി 2,839 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. 13,628 പോളിംഗ് ഉദ്യോഗസ്ഥരാണ് റിസർവ് ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടപടികൾക്കായി നിയോഗിച്ചിട്ടുള്ളത്.
ഹരിതചട്ടം പാലിക്കണം
ശുചിത്വ മിഷനും എൽ.എസ്.ജി.ഡി വകുപ്പും ചേർന്ന് ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകൾക്കും പുറത്തായി മൊബൈൽ ഡിപ്പോസിഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിയോജകമണ്ഡലങ്ങളുടെ സ്‌ട്രോംഗ് റൂമുകൾ നിരീക്ഷകരുടെയും സ്ഥാനാർത്ഥി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ വോട്ടെടുപ്പിന്റെ തലേ ദിവസം തുറന്ന് മെഷീനുകൾ പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിക്കുന്ന നടപടികൾ സ്വീകരിക്കും.
ഭിന്നശേഷി സൗഹൃദ ബൂത്തുകൾ
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷിക്കാർക്കായി വീൽചെയർ സൗകര്യം ഉറപ്പാക്കി. ഓരോ മണ്ഡലത്തിലും 20 മോഡൽ പോളിംഗ് സ്റ്റേഷനുകൾ, ജില്ലയിൽ ആകെ 25 വനിതകൾ മാത്രം നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷൻ, തൃശൂർ മണ്ഡലത്തിൽ ഒരു ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷൻ എന്നിവയും രണ്ട് 'ഓൾഇൻക്ലൂസീവ്' ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
48 മണിക്കൂർ നിശബ്ദ കാലം
48 മണിക്കൂർ സൈലൻസ് പീരിയഡിനും പോൾ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിർദ്ദേശം നൽകി. 100 മീറ്റർ പരിധിയിൽ പ്രചാരണം, മൈക്ക്, ലൗഡ്‌സ്പീക്കർ ഉപയോഗം എന്നിവ കർശനമായി നിരോധിച്ചു.
മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം
ചേലക്കര
2,03,956
കുന്നംകുളം
1,96,839
ഗുരുവായൂർ
2,18,704
മണലൂർ
2,22,278
വടക്കാഞ്ചേരി
2,01,786
ഒല്ലൂർ
1,88,395
തൃശൂർ
1,61,225
നാട്ടിക
2,03,427
കൈപ്പമംഗലം
1,82,716
ഇരിങ്ങാലക്കുട
1,94,592
പുതുക്കാട്
1,92,377
ചാലക്കുടി
1,79,208
കൊടുങ്ങല്ലൂർ
1,87,212
ജില്ലയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ പൂർത്തിയായി. എല്ലാ വോട്ടർമാർക്കും സുഗമമായി വോട്ട് ചെയ്യാനുള്ള സൗകര്യം ബൂത്തുകളിൽ ഉറപ്പാക്കിയിട്ടുണ്ട്.
ശിഖ സുരേന്ദ്രൻ, ജില്ലാ കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |