തിരുവനന്തപുരം : ''കാല് വേദനിക്കുന്നുവെന്ന് മോൻ പറഞ്ഞപ്പോൾ ഒരു നിമിഷം പോലും കളയാതെ അവനെയും കൊണ്ട് ഞങ്ങൾ ആശുപത്രിയിൽ പോയതല്ലേ, ദൈവങ്ങൾക്ക് അവനെ ഞങ്ങൾക്ക് തിരികെ തന്നൂടായിരുന്നോ ...കണ്ണ് തുറക്കെടാ മോനേ വിച്ചൂ''... ചേതനയറ്റ ശരീരത്തിലേക്ക് നോക്കി ഹൃദയം നുറുങ്ങും വേദനയിൽ മാതാവ് അനു അലമുറയിട്ടപ്പോൾ കണ്ടുനിന്നവർക്കും കരച്ചിലടക്കാനായില്ല.
പാമ്പുകടിയേറ്റ് ചികിത്സ കിട്ടാതെ മരിച്ച എട്ടുവയസുകാരൻ ദിക്ഷൽ ദിലീപിന്റെ മൃതദേഹം അഴൂരിലെ മൂലയിൽ വീട്ടിലെത്തിച്ചപ്പോൾ ഉയർന്ന, മാതാപിതാക്കളുടെ നിലവിളി കണ്ടുനിന്നവരുടെയെല്ലാം കരളുലച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് 3.30ഓടെയാണ് ദിക്ഷൽ ദിലീപിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്.സകല നിയന്ത്രണവും വിട്ട് പിതാവ് ദിലീപും ബന്ധുക്കളും വാവിട്ട് നിലവിളിച്ചു.വീട്ടിൽ പതിവില്ലാത്ത ആൾക്കൂട്ടം കണ്ടിട്ടും ഒന്നും മനസിലാകാതിരുന്ന ഇളയമകൾ ദൃക്ഷിക,ചേട്ടന്റെ ചേതനയറ്റ മൃതദേഹം കണ്ടപ്പോൾ വിങ്ങിപ്പൊട്ടി. ഇന്നലെവരെയും വീടിന് മുന്നിൽ ഓടിക്കളിച്ചിരുന്ന കുഞ്ഞിന്റെ വേർപാട് സമീപത്തുള്ളവരെയും ദുഃഖത്തിലാഴ്‌ത്തി.
4.30ഓടെ വീടിന് മുന്നിലൊരുക്കിയ കുഴിയിലായിരുന്നു സംസ്കാരം. അന്ത്യോപചാരമർപ്പിക്കാൻ നാടാകെ ഒഴുകിയെത്തിയിരുന്നു.ചിറയിൻകീഴ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനോജ് ബി.ഇടമന,കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്,ബി.ജെ.പി സ്ഥാനാർത്ഥി ബി.എസ്.അനൂപ്,ജില്ലാപഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം,അഴൂർ പഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു തുടങ്ങിയവരും അന്ത്യോപചാരമർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |