
വാഷിംഗ്ടൺ: വെനസ്വേലയിൽ വ്യോമാക്രമണം നടത്തി യു.എസ് പിടിച്ചുകൊണ്ടുപോയ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും കുറ്റവിചാരണ ചെയ്യാനുള്ള നടപടികൾക്ക് അമേരിക്ക തുടക്കം കുറിച്ചു.
ഇന്ത്യൻ സമയം, ഇന്നലെ പുലർച്ചെ ന്യൂയോർക്കിലെത്തിച്ച ഇരുവരെയും മാൻഹട്ടനിലെ യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ (ഡി.ഇ.എ) ആസ്ഥാനത്ത് എത്തിച്ചശേഷം ബ്രൂക്ക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്കാണ് (എം.ഡി.സി) മാറ്റിയത്. ന്യൂയോർക്കിലെ ഏക ഫെഡറൽ ജയിലാണിത്. ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. മയക്കുമരുന്ന് ഭീകരത, കൊക്കെയ്ൻ കടത്ത്, മാരക ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെ ചുമത്തിയത്.
സമാധാനപരമായി പരിഹരിക്കണം: ഇന്ത്യ
അതേസമയം, വെനസ്വേലയിലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്നും ആ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പിന്തുണ നൽകുന്നതായും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. കാരക്കാസിലെ ഇന്ത്യൻ എംബസി വെനസ്വേലയിലെ ഇന്ത്യക്കാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. സാദ്ധ്യമായ എല്ലാ സഹായവും തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അധികാരമേറ്റ് ഡെൽസി
മഡുറോയുടെ അഭാവത്തിൽ ഭരണപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ വെനസ്വേലയിൽ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസിനെ (56) ആക്ടിംഗ് പ്രസിഡന്റായി സുപ്രീംകോടതി നിയമിച്ചു. മുൻ വിദേശകാര്യ മന്ത്രിയായ ഡെൽസിക്കാണ് പെട്രോളിയം വകുപ്പിന്റെ ചുമതല. മഡുറോയുടെ അടുത്ത അനുയായിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |