മൈസൂരു: കർണാടകയിലെ മൈസൂരുവിലുള്ള ജയലക്ഷ്മി വിലാസ് മാൻഷൻ ഫോക്‌ലോർ മ്യൂസിയത്തിൻറെ പരിപാലനത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ധനസഹായത്തോടെ നടത്തപ്പെടുന്ന പുനരുദ്ധാരണ-സംരക്ഷണ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ത്യയിലെ യു.എസ്. നയതന്ത്ര മിഷനും പദ്ധതി നടത്തിപ്പ് പങ്കാളിയായ മൈസൂർ സർവകലാശാലയും (യൂണിവേഴ്‌സിറ്റി ഓഫ് മൈസൂർ) ചേർന്ന് 2024 ജനുവരി 4 വ്യാഴാഴ്ച നടത്തി.
യു.എസ്. ഗവൺമെൻറ് നടത്തിവരുന്ന അംബാസഡേഴ്‌സ് ഫണ്ട് ഫോർ കൾച്ചറൽ പ്രിസർവേഷൻ (എ.എഫ്.സി.പി.) ധനസഹായ പരിപാടി വഴി നടപ്പിലാക്കുന്ന ഈ പദ്ധതി ജയലക്ഷ്മി വിലാസ് മാൻഷൻ ഫോക്‌ലോർ മ്യൂസിയം കെട്ടിടത്തിൻറെ പടിഞ്ഞാറ് ഭാഗത്തിൻറെയും കർണാടക സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 6,500ലധികം പുരാവസ്തുക്കളുടെയും സംരക്ഷണത്തിന് പിന്തുണയേകും. ഡെക്കാൻ ഹെറിറ്റേജ് ഫൗണ്ടേഷനുമായി ചേർന്നുള്ള പങ്കാളിത്തത്തിലാണ് മൈസൂർ സർവകലാശാല 2025-ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പുനരുദ്ധാരണ, സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മൈസൂർ സർവ്വകലാശാലയ്ക്ക് എ.എഫ്.സി.പി. ഗ്രാൻറ് നൽകുന്നത് പ്രഖ്യാപിച്ചുകൊണ്ട് ചെന്നൈയിലെ യു.എസ്. കോൺസുൽ ജനറൽ ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്‌ജസ് പറഞ്ഞു: “ജയലക്ഷ്മി വിലാസ് മാൻഷൻ ഫോക്‌ലോർ മ്യൂസിയത്തിൻറെ സംരക്ഷണ പദ്ധതി ഇന്ത്യയിലെ ജനങ്ങളോടും ഈ രാജ്യത്തിൻറെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തോടും അമേരിക്കയ്ക്കുള്ള സൗഹൃദത്തിൻറെയും ആദരവിൻറെയും മറ്റൊരു തെളിവാണ്. ഈ പ്രവർത്തനങ്ങളുടെ പൂർത്തീകരണം ജയലക്ഷ്മി വിലാസ് മാൻഷനും ഫോക്‌ലോർ മ്യൂസിയവും ഭാവിയിലെ ഇന്ത്യൻ തലമുറകളെയും അന്തർദേശീയ സന്ദർശകരെയും വിസ്മയിപ്പിക്കുന്നതിന് സഹായകമാകും എന്നത് എനിക്കുറപ്പുള്ള കാര്യമാണ്.”
“ഞങ്ങളുടെ എല്ലാ എ.എഫ്.സി.പി. പദ്ധതികളുടെയും കാതൽ വ്യാപകമായ സാമൂഹിക ഇടപെടൽ ആണ്. യു.എസ്. മിഷൻ ഇന്ത്യ മൈസൂർ സർവകലാശാലക്ക് നൽകുന്ന 300,000 ഡോളറിൻറെ എ.എഫ്.സി.പി. ഗ്രാൻറ് കഴിഞ്ഞ ഇരുപത് വർഷത്തിനിടെ ഇന്ത്യയിൽ നൽകപ്പെടുന്ന രണ്ടാമത്തെ വലിയ എ.എഫ്.സി.പി. ഗ്രാന്റാണ്. മൈസൂരിലെ എ.എഫ്.സി.പി. പദ്ധതി സംരക്ഷണ, മ്യൂസിയം വിദഗ്‌ധരെയും , ശിൽപികളെയും രൂപകൽപ്പകരെയും കരകൗശല വിദഗ്‌ധരെയും ഒത്തൊരുമിപ്പിക്കുന്നു – കർണാടകയിലെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും സുരക്ഷിതമാക്കുന്നതിനുമുള്ള അഭിനിവേശം പങ്കിടുന്നവരാണ് ഇവരെല്ലാം,” കോൺസുൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്‌ജസ് കൂട്ടിച്ചേർത്തു.
എ.എഫ്.സി.പി. അവാർഡിനായി യു.എസ്. കോൺസുലേറ്റ് മൈസൂർ സർവകലാശാലയെ തിരഞ്ഞെടുത്തതിൽ സർവകലാശാല വൈസ്-ചാൻസലർ പ്രൊഫ. എൻ. കെ. ലോകനാഥ് സന്തോഷം പ്രകടിപ്പിച്ചു. “പുനരുദ്ധരിക്കപ്പെടുന്ന ജയലക്ഷ്മി വിലാസ് മാൻഷൻ ഫോക്‌ലോർ മ്യൂസിയം മൈസൂരിലെ വിനോദസഞ്ചാര ആകർഷണങ്ങളുടെ മാറ്റ് കൂട്ടുമെന്ന് മാത്രമല്ല കർണാടകയിലെ നരകുലശാസ്ത്ര പാരമ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠിതാക്കൾക്ക് ഗവേഷണത്തിനും ഉന്നത പഠനത്തിനുമുള്ള ഒരു കേന്ദ്രമായി വർത്തിക്കുകയും ചെയ്യും,” ലോകനാഥ് പറഞ്ഞു. മൈസൂർ സർവകലാശാലയുടെ മേൽനോട്ടത്തിലുള്ള ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (ഓ.ആർ.ഐ.) അവിടെയുള്ള അമൂല്യങ്ങളായ 40,000-ത്തോളം വരുന്ന പുരാതന താളിയോല കൈയെഴുത്തുപ്രതികളുടെയും പുസ്തകങ്ങളുടെയും ശേഖരത്തിൻറെ സംരക്ഷണത്തിനായി 2012-ൽ ചെന്നൈയിലെ യു.എസ്. കോൺസുലേറ്റിൽ നിന്ന് മൈസൂർ സർവകലാശാലക്ക് മറ്റൊരു ഗ്രാൻറ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാലത്ത് ഇന്ത്യയിലെ യു.എസ്. അംബാസഡർ ആയി പ്രവർത്തിച്ച റിച്ചാർഡ് വെർമയാണ് പുനരുദ്ധരിച്ച ഓ.ആർ.ഐ. കെട്ടിടത്തിൻറെ ഉദ്ഘാടനം 2015-ൽ നിർവ്വഹിച്ചത്.
ഡെക്കാൻ ഹെറിറ്റേജ് ഫൗണ്ടേഷൻ ഇന്ത്യ ചെയർപേഴ്സൺ അംബാസഡർ ലത റെഡ്ഡി സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. "ജയലക്ഷ്മി വിലാസ് മാൻഷൻ പദ്ധതിയിൽ ഡെക്കാൻ ഹെറിറ്റേജ് ഫൗണ്ടേഷൻ വിഭാവനം ചെയ്യുന്നത് വാസ്തുവിദ്യാ പുനരുദ്ധാരണത്തിലും വസ്തുവകകളുടെ സംരക്ഷണത്തിലും പിന്തുടരാവുന്ന മികച്ച മാർഗങ്ങളിലൂടെ ഏവർക്കും ആസ്വദിക്കാവുന്ന, പ്രവർത്തനങ്ങളിൽ സുസ്ഥിരതയുള്ള ഒരു പോളിസെമിക് മ്യൂസിയം സൃഷ്ടിക്കുക എന്നതാണ്,” ലത റെഡ്ഡി പറഞ്ഞു.
യൂണിവേഴ്‌സിറ്റി ഓഫ് മൈസൂർ കാമ്പസിനുള്ളിൽ സ്ഥിതി ചെയ്യുന്ന ജയലക്ഷ്മി വിലാസ് മാൻഷൻ 1905-ൽ മൈസൂർ മഹാരാജാവ് ചാമരാജ വാഡിയാർ പത്താമന്റെ മൂത്ത മകൾ മഹാരാജകുമാരി ജയലക്ഷമ്മണിയുടെ വസതിയായി നിർമ്മിച്ചതാണ്. യൂറോപ്യൻ ക്ലാസിക്കൽ ശൈലിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പ്രൗഢ ഗംഭീര കെട്ടിടത്തിന് നാല് വിഭാഗങ്ങളുണ്ട്. പ്രശസ്‌ത സാഹിത്യകാരൻ കെ.വി. പുട്ടപ്പ (കുവെമ്പു എന്നപേരിൽ പ്രശസ്തൻ) വൈസ് ചാൻസലറായിരുന്ന കാലത്ത് 1959-ലാണ് ജയലക്ഷ്മി വിലാസ് മാൻഷനും ചുറ്റുമുള്ള ഭൂമിയും വിശാലമായ മാനസ ഗംഗോത്രി കാമ്പസിന്റെ ഭാഗമായി മൈസൂർ സർവകലാശാല ഏറ്റെടുക്കുന്നത്. ഡോ. ജവരെഗൗഡയാണ് 1969-ൽ ഫോക്ക്‌ലോർ മ്യൂസിയം സ്ഥാപിച്ചത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് വിദേശ രാജ്യങ്ങളിൽ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സംരംഭങ്ങളിൽ ഒന്നാണ് അംബാസഡേഴ്‌സ് ഫണ്ട് ഫോർ കൾച്ചറൽ പ്രിസർവേഷൻ (എ.എഫ്.സി.പി). കഴിഞ്ഞ ഇരുപത് വർഷത്തിൽ 2.7 മില്യൺ ഡോളർ ചിലവ് വരുന്ന 24 എ.എഫ്.സി.പി. പദ്ധതികൾക്ക് പിന്തുണ നൽകിക്കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യയുമായി സഹകരിച്ചുവരുന്നു. അവയിൽ പ്രസിദ്ധമായ സുന്ദർവാല ബുർജ്, ബട്ടഷേവാല മുഗൾ ശവകുടീര സമുച്ചയം, യുനെസ്കോ വേൾഡ് ഹെറിറ്റേജ് സ്ഥലമായ ന്യൂ ഡൽഹിയിലെ ഹുമയൂണിൻറെ ശവകുടീരത്തിനുള്ളിലെ അറബ് സെറായി കോംപ്ലക്‌സ് ഗേറ്റ്‌വേ എന്നിവയുടെ സംരക്ഷണം; പടിഞ്ഞാറൻ രാജസ്ഥാനിലെ ലംഗ, മംഗനിയാർ സമുദായങ്ങളുടെ വംശനാശഭീഷണി നേരിടുന്ന നാടോടി സംഗീത സംരക്ഷണം; ബേംഗളൂരുവിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിലെ താളിയോല കൈയെഴുത്തുപ്രതികളുടെയും അപൂർവ ഗ്രന്ഥങ്ങളുടെയും സംരക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എ.എഫ്.സി.പി. വഴി യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രകടിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ അമേരിക്ക നൽകുന്ന നേതൃത്വമാണ്; അതുവഴി കാട്ടുന്നത് മറ്റ് സംസ്കാരങ്ങളോട് യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ള ആദരവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |