
ന്യൂഡൽഹി: സോമനാഥ് ക്ഷേത്രം പോലെ ആയിരക്കണക്കിന് വർഷം പഴക്കമുള്ള പൈതൃകങ്ങളെ അവഗണിച്ച് ചില ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും അധിനിവേശങ്ങളുടെ ചരിത്രത്തെ വെള്ളപൂശിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ വിശ്വാസങ്ങളും പൈതൃകവും ചേർത്തു നിറുത്തി പാരമ്പര്യത്തെ അഭിമാനത്തോടെ സംരക്ഷിക്കുമ്പോഴാണ് നാഗരികതയുടെ അടിത്തറ ശക്തമാകുന്നത്. കൊളോണിയൽ മനോഭാവമുള്ളവർ ഇത്തരം പൈതൃകങ്ങളിൽ നിന്ന് അകലം പാലിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലെ ‘സോമനാഥ് സ്വാഭിമാൻ പർവി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോമനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയർമാനാണ് പ്രധാനമന്ത്രി.
ഏതാനും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകങ്ങളെ ചില രാജ്യങ്ങൾ വ്യക്തിത്വമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുമ്പോൾ, ഭാരതത്തിന് സോമനാഥിനെപ്പോലെ ആയിരക്കണക്കിന് വർഷം പഴക്കമുള്ള കരുത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകവുമായ പുണ്യസ്ഥലങ്ങളുണ്ട്. സ്വാതന്ത്ര്യാനന്തരം കൊളോണിയൽ മനോഭാവമുള്ളവർ ഇത്തരം പൈതൃകങ്ങളിൽ നിന്ന് അകലം പാലിക്കാനും ചരിത്രം മായ‌്‌ക്കാനും ശ്രമിച്ചു. മതഭ്രാന്തിനെ വെറും കൊള്ളയടിക്കലായി ചിത്രീകരിച്ച് സത്യം മറച്ചുവയ്ക്കാൻ പുസ്തകങ്ങൾ എഴുതിയെന്നും അദ്ദേഹം പറഞ്ഞു.
സോമനാഥ് പലതവണ ആക്രമിക്കപ്പെട്ടത് സാമ്പത്തിക കൊള്ളയ്ക്ക് വേണ്ടിയല്ല. സോമനാഥിലെ പവിത്രമായ വിഗ്രഹങ്ങൾ തകർത്തു. ക്ഷേത്രത്തിന്റെ രൂപം ആവർത്തിച്ച് മാറ്റപ്പെട്ടു. എന്നിട്ടും സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് സോമനാഥ് നശിപ്പിക്കപ്പെട്ടതെന്ന് ജനങ്ങളെ പഠിപ്പിച്ചു. വെറുപ്പിന്റെയും അടിച്ചമർത്തലിന്റെയും ഭീകരതയുടെയും ചരിത്രം മറച്ചുവച്ചു. സോമനാഥിനെപ്പോലെ വിദേശ ആക്രമണകാരികൾ നൂറ്റാണ്ടുകളായി ഇന്ത്യയെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു. എന്നിട്ടും സോമനാഥും ഇന്ത്യയും നശിപ്പിക്കപ്പെട്ടില്ലെന്നും അദ്ദഹം പറഞ്ഞു. 1026ൽ ഗസ്‌നിയിലെ മഹ്മൂദ്, സോമനാഥ് ക്ഷേത്രം ആക്രമിച്ചതിന്റെ ഓർമ്മപ്പെടുത്തലായാണ് സോമനാഥ് സ്വാഭിമാൻ പർവ്, പരിപാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |