ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിൽ ടി.വി.കെ പ്രസിഡന്റും നടനുമായ വിജയ്‌യെ ഡൽഹിയിൽ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. നേരത്തെ സമൻസ് കൈപ്പറ്റിയ വിജയ് നിയമവിദഗ്ദ്ധരെ കണ്ടിരുന്നു. ഇന്ന് രാവിലെ ചാർട്ടർ വിമാനത്തിലാണ് വിജയ് ഡൽഹിയിലെത്തുക. കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.വി.കെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ,പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
കേസിൽ സാക്ഷിയായാണ് വിജയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തുക എന്നാണ് റിപ്പോർട്ട്. മറ്റുള്ളവരുടെ മൊഴികൾ, അതിലെ വൈരുദ്ധ്യങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സാഹചര്യ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസിന്റെ സ്വാഭാവം എപ്പോൾ വേണമെങ്കിലും മാറാം. തമിഴ്നാട്ടിൽ ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡി.എം.കെയെ വെല്ലുവിളിച്ചുകൊണ്ട് ടി.വി.കെ മത്സര രംഗത്ത് ശക്തമായ സാന്നിധ്യമായതിനു പിന്നാലെയാണ് കരൂർ ദുരന്തമുണ്ടായത്.
റാലി വേദിയിലേക്ക് വിജയ് ഏഴു മണിക്കൂർ വൈകിയെത്തിയതാണ് ദുരന്തകാരണമെന്നാണ് ആരോപണമുയർന്നത്. മണിക്കൂറുകളോളം കാത്തിരുന്ന ജനക്കൂട്ടം തളർന്നു വീണതും കുടിവെള്ളം കിട്ടാതെ വലഞ്ഞതും ദുരന്തത്തിന് കാരണമായി. പതിനായിരം പേർക്ക് മാത്രം പങ്കെടുക്കാൻ കഴിയുന്ന സ്ഥലത്ത് 30,000ത്തോളം പേർ എത്തിയെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ട്.
ദുരന്ത സ്ഥലത്തു നിന്നും പ്രവർത്തകരെ കാണാൻ നിൽക്കാതെ വേഗത്തിൽ രക്ഷപ്പെട്ട വിജയ്, ചെന്നൈയിലേക്ക് മടങ്ങിയതും വൻ വിമർശനത്തിന് കാരണമായി. പക്ഷേ, വിജയ്‌യെക്കിതിരെ കേസ് എടുക്കുന്നതുൾപ്പെടുയുള്ള നടപടിയിലേക്ക് പൊലീസ് കടന്നില്ല. ദുരന്തത്തിന് കരണം സർക്കാർ ആണെന്നും അപകടത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമായിരുന്നു ടി.വി.കെ ആരോപണം.
നേരത്തെ,ടി.വി.കെ ജനറൽ സെക്രട്ടറി എൻ.ആനന്ദ്,ആദവ് അർജുന തുടങ്ങിയ നേതാക്കളെ സി.ബി.ഐ ഓഫീസിലേക്ക് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്‌ക്ക് സമൻസ് അയച്ചത്. വിജയ്‌യുടെ പ്രചാരണ വാഹനം സി.ബി.ഐ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു.
ജനനായകൻ റിലീസ്:
നിർമ്മാതാക്കൾ
സുപ്രീംകോടതിയിലേക്ക്
ചെന്നൈ: വിജയ് ചിത്രം ‘ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നിർമ്മാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഇന്ന് പരിഗണിക്കുമെന്നാണ് വിവരം. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും കേസ് ഇന്ന് പരിഗണിക്കണമെന്ന് നിർമ്മാതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് 21നു വീണ്ടും പരിഗണിക്കാനിരിക്കെയാണു നിർമാതാക്കളുടെ നീക്കം. അതിനിടെ പറഞ്ഞ സമയത്ത് സിനിമ തിയേറ്ററുകളിലെത്തിക്കാൻ സാധിക്കാത്തതിന് നിർമ്മാതാവ് കെ. വെങ്കട്ട് നാരായണ പ്രേക്ഷകരോട് ക്ഷമാപണവും കഴിഞ്ഞ ദിവസം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |