ന്യൂഡൽഹി: രാജ്യത്ത് ഇന്നുമുതൽ പ്രകൃതിവാതകത്തിന്റെ വില കുറയും. ഏപ്രിൽ 8 മതുൽ 30 വരെയുള്ള കാലയളവിൽ പ്രകൃതിവാതകത്തിന്റെ വില മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എംഎംബിടിയു) 7.92 ഡോളർ ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതോടെ കംപ്രസ്ഡ് നാച്ച്വറൽ ഗ്യാസ് (സി.എൻ.ജി), പൈപ്പ്ഡ് നാച്ച്വറൽ ഗ്യാസ് (പി.എൻ.ജി) എന്നിവയുടെ വില 9 മുതൽ 11 ശതമാനം വരെ കുറയും. പ്രകൃതിവാതകത്തിന്റെ വിലനിർണയ മാർഗനിർദ്ദേശങ്ങളിൽ കേന്ദ്രമന്ത്രിസഭ മാറ്റം വരുത്തിയതോടെയാണ് വാഹനങ്ങളിൽ ഉപയോഗിക്കുന്ന സി.എൻ.ജിയ്ക്കും വീടുകൾ ഉപയോഗിക്കുന്ന പി.എൻ.ജിയ്ക്കും വില കുറയുന്നത്.
2014ലെ വില നിയന്ത്രണ നയത്തിലാണ് ഭേദഗതി വരുത്തിയത്. ഇതുവരെ ലോകത്തെ നാലു പ്രമുഖ ഗ്യാസ് ഉത്പാദന കേന്ദ്രങ്ങളിലെ രാജ്യാന്തര വിലയെ അടിസ്ഥാനമാക്കി വില നിർണയിക്കുന്ന രീതി ആയിരുന്നു. കിരിത് പരീഖ് കമ്മിറ്റിയുടെ പ്രധാന ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ പുതിയ തീരുമാനമെടുത്തത്.
കേരളത്തിലെ വിലയിലെ മാറ്റം
കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിലവിൽ സി.എൻ.ജി ഒരു കിലോയ്ക്ക് 92 രൂപയാണ് വില. ഇത് പുതിയ വില വരുന്നതോടെ ഏകദേശം 83 രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സി.എൻ.ജി. കിലോയ്ക്ക് 85 രൂപയാണ് നിലവിലെ വില. ഇത് ഏകദേശം 76.5 രൂപയായി പരിഷ്കരിക്കുമെന്ന് കരുതുന്നു.
പൈപ്പ്ഡ് നാച്ച്വറൽ ഗ്യാസിന് (പി.എൻ.ജി) കൊച്ചിയിലെ വില ഒരു മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എം.എം.ബി.ടി.യു) 1490 രൂപയാണ്.
അടിസ്ഥാനവിലയായി നാലു ഡോളറും കൂടിയ വിലയായി 6.5 ഡോളറും (ഒരു ബ്രിട്ടിഷ് തെർമൽ യൂണിറ്റിന്) നിശ്ചയിച്ചു. രാജ്യാന്തര തലത്തിൽ എത്ര വില കൂടിയാലും ഈ തറവിലയുടെയും മേൽത്തട്ട് വിലയുടെയും അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയിലെ ആഭ്യന്തര പ്രകൃതി വാതകത്തിന്റെ വില. പൈപ്പിലൂടെ വരുന്ന ഗ്യാസിനും സിഎൻജിക്കും ഇതുമൂലം കുറവുണ്ടാകും. അന്താരാഷ്‌ട്ര വിലയിൽ പെട്ടെന്നുള്ള വർദ്ധനവിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി സി.എൻ.ജി, പി.എൻ.ജി എന്നിവയുടെ നിരക്കുകൾ 80 ശതമാനം ഉയർന്നിരുന്നു.
സി.എൻ.ജി. നിലവിലെ വില (ഒരു കിലോയ്ക്ക്)
തിരുവനന്തപുരം- 85 രൂപ
എറണാകുളം- 92 രൂപ
കോഴിക്കോട്- 92 രൂപ
പി.എൻ.ജി വില (എം.എം.ബി.ടി.യുവിന്)
എറണാകുളം- 1490 രൂപ
വിലയിലെ മാറ്റം ഇങ്ങനെ
ഇതുവരെ, യുഎസ്, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഗ്യാസിന്റെ ബെഞ്ച്മാർക്ക് നിരക്കിനെ അടിസ്ഥാനമാക്കിയായിരുന്നു പ്രകൃതിവാതകത്തിന്റെ വില ഇന്ത്യയിലും നിശ്ചയിച്ചിരുന്നത്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ ഒരു ബാസ്കറ്റ് വിലയുടെ 10 ശതമാനം നിരക്കിൽ വാതക വില സൂചികയാക്കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. നിലവിൽ ഒരു ബാസ്‌ക്കറ്റ് അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 85 ഡോളറാണ്, പുതിയ വില പരിധി ഗ്യാസ് വില 8.5 ഡോളറിൽ നിന്ന് 6.5 ഡോളറായി കുറയ്ക്കാൻ സഹായിക്കും, ഇത് ആഭ്യന്തരമായി സി.എൻ.ജിയുടെയും പി.എൻ.ജിയുടെയും മൊത്തത്തിലുള്ള വില കുറയാൻ ഇടയാക്കും.
സി.എൻ.ജി നിരക്കിൽ വരാനിരിക്കുന്ന കുറവ് ഇതര ഇന്ധന ശേഷിയുള്ള കാറുകൾ ഓടിക്കുന്നവർക്ക് വലിയ ആശ്വാസമാകും. അടുത്ത കാലത്തായി, ഒരു ലിറ്റർ പെട്രോളും ഒരു കിലോ ഇന്ധനവും തമ്മിലുള്ള വില അന്തരം കുറയുന്നുണ്ട്. പുതുക്കിയ വിലവരുന്നതോടെ സി.എൻ.ജി വിലയിലെ കുറവ് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും. വിവിധ കമ്പനികൾ സി.എൻ.ജി ഘടിപ്പിച്ച നിരവധി വാഹനങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |