കോഴിക്കോട്: പി.യു പാദരക്ഷ ഉത്പാദന വിപണന രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തിയതിന് വി.കെ.സി ഗ്രൂപ്പിന് ഇന്ത്യൻ പോളിയുറിത്തീൻ അസോസിയേഷൻ (ഐ.പി.യു.എ) പുരസ്‌കാരം ലഭിച്ചു. നോയ്ഡയിൽ നടന്ന പി.യു ടെക്ക് 2023 അവാർഡ് ചടങ്ങിൽ പുരസ്‌കാരം വി.കെ.സി ഗ്രൂപ്പ് ഡയറക്ടർ വി. .പി അസീസ് മിലിക്കൻ ഇന്ത്യ ബിസിനസ് ഹെഡ് അലോക് തിവാരിയിൽ നിന്ന് ഏറ്റുവാങ്ങി. പാദരക്ഷാ വിപണിയിൽ സാൻഡൽ, ചപ്പൽ വിഭാഗങ്ങളിൽ പോളിയുറിത്തീൻ (പി.യു) ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ വൻതോതിൽ ഉത്പാദിപ്പിച്ച് വി.കെ.സി രാജ്യമൊട്ടാകെ വിപണനം ചെയ്യുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തു. പി.യു സാൻഡലുകൾക്കും ചപ്പലുകൾക്കും ഇന്ത്യയൊട്ടാകെ പുതിയൊരു വിപണി വി.കെ.സി സൃഷ്ടിച്ചതോടെ മറ്റ് ഉത്പാദകർക്കും ഇത് പ്രചോദനമായതായി ഐ.പി.യു.എ പുരസ്‌കാര സമിതി വിലയിരുത്തി.
നൂതനവും വൈവിധ്യമാർന്നതുമായ പി.യു പാദരക്ഷകൾ നിർമിച്ച് പുതിയ വിപണി സൃഷ്ടിക്കുന്നതിൽ വി.കെ.സി കൈവരിച്ച നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് വി.കെ.സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി.കെ.സി റസാക്ക് പറഞ്ഞു. ദേശീയ തലത്തിൽ പി.യു ഫുട് വെയർ ഉത്പാദനം കൂടുതൽ സ്വീകാര്യമാക്കുന്നതിലും വൈവിധ്യം കൊണ്ടുവരുന്നതിലും നിർണായക പങ്കുവഹിക്കാൻ വി.കെ.സി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. രാജ്യമൊട്ടാകെയുള്ള ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പ്രതികരണവും ആവേശകരമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |