ന്യൂഡൽഹി: ഇന്ത്യൻ ഓഹരികളിൽ വിദേശ നിക്ഷേപകർ മേയ് മാസം ഇതുവരെ 30,945 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോർട്ട്.
മികച്ച സാമ്പത്തിക ഘടകങ്ങളും പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും വിദേശ നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതിന് കാരണമായി. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്‍.പി.ഐ) അറ്റ നിക്ഷേപം 2023ൽ ഇതുവരെ 16,365 കോടി രൂപയിൽ എത്തിയതായി ഡെപ്പോസിറ്ററികളിൽ നിന്ന് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ എഫ്‍.പി.ഐ നിക്ഷേപം തുടരുമെന്ന് പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ദ്ധർ. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെയും കോർപ്പറേറ്റ് വരുമാന വളർച്ചയുടെയും സാധ്യതകൾ ആണ് ഇപ്പോൾ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നത്.
ഡെപ്പോസിറ്ററികളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, മേയ് 2 മുതൽ 19 വരെ എഫ്‍.പി.ഐകൾ ഇന്ത്യൻ ഇക്വിറ്റികളിൽ 30,945 കോടി രൂപ നിക്ഷേപിച്ചു. ഏപ്രിലിൽ ഇക്വിറ്റികളിൽ 11,630 കോടി രൂപയും മാർച്ചിൽ 7,936 കോടി രൂപയും എഫ്‍.പി.ഐകൾ അറ്റനിക്ഷേപം നടത്തിയിരുന്നു. 2023ൽ ആദ്യ രണ്ട് മാസങ്ങളിൽ മൊത്തം 34,000 കോടി രൂപയുടെ അറ്റ പിൻവലിക്കലാണ് എഫ്‍.പി.ഐകൾ നടത്തിയത്.
മേയ് മാസത്തിൽ ഇതുവരെ 1,057 കോടി രൂപയാണ് ഡെറ്റ് മാർക്കറ്റിൽ എഫ്‍.പി.ഐകൾ നിക്ഷേപിച്ചത്. ഓട്ടോ, ഓട്ടോ കംപൊണന്റ്സ്, മൂലധന വസ്തുക്കൾ, എഫ്എംസിജി, ഹെൽത്ത് കെയർ, ടെലികോം, റിയൽറ്റി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ നിരവധി മേഖലകളിൽ എഫ്.പി.ഐകൾ സ്ഥിരമായി വാങ്ങുന്നവരാണ്. മേയിൽ ധനകാര്യമേഖലയിലും കാര്യമായ വാങ്ങൽ എഫ്.പി.ഐകൾ നടത്തി. 8,382 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിൽ ഉണ്ടായി.
ആർ.ബി.ഐ നിരക്ക് വർധന താൽക്കാലികമായി നിർത്തിവച്ചതാണ് ഇന്ത്യൻ ഓഹരികളിലേക്കുള്ള ഒഴുക്കിന്റെ പ്രാഥമിക ട്രിഗർ എന്നാണ് വിലയിരുത്തൽ. കൂടാതെ, ഇന്ത്യയുടെ ജി.ഡി.പി വളർച്ച 2023-24ൽ 7.5 ശതമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ആഗോള ശരാശരിയേക്കാൾ കൂടുതലാണ്. കൂടാതെ കുറഞ്ഞ പണപ്പെരുപ്പവും കറന്റ് അക്കൗണ്ട് മിച്ചവും എല്ലാംതന്നെ ഇന്ത്യയെ ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |