കൊച്ചി: വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളും അനുവദിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആശങ്കയേറുന്നു. മതിയായ ഈടില്ലാതെ അനുവദിക്കുന്ന വ്യക്തിഗത വായ്പകളും കൺസ്യൂമർ വായ്പകളും ബാങ്കിംഗ് സിസ്റ്റത്തിന് തന്നെ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞാണ് റിസർവ് ബാങ്ക് ഇടപെടൽ. ചെറിയ തുകയ്ക്കുള്ള വായ്പകൾ കാര്യമായ നൂലാമാലകളില്ലാതെ ഉപഭോക്താക്കൾക്ക് ബാങ്കുകൾ വാരിക്കോരി നൽകുന്ന രീതി കഴിഞ്ഞ മാസങ്ങളിൽ ഗണ്യമായി കൂടിയിരുന്നു. ഇങ്ങനെ നൽകുന്ന വായ്പകൾക്ക് ആനുപാതികമായി കൂടുതൽ തുക മൂലധന പര്യാപ്തത അനുപാതമായി സൂക്ഷിക്കണമെന്നാണ് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്. ഇതോടെ ഈടില്ലാതെ നൽകുന്ന വായ്പകളുടെ വിതരണത്തിൽ ബാങ്കുകളും ധനസ്ഥാപനങ്ങളും അധിക ബാധ്യത സഹിക്കേണ്ടിവരും. അതിനാൽ വരും ദിവസങ്ങളിൽ വ്യക്തിഗത വായ്പകളുടെ പലിശ കൂടാനിടയുണ്ട്.
പതിനായിരം രൂപ വരെയുള്ള ചെറുതുകകളാണ് വായ്പയായി നൽകുന്നതെങ്കിലും ബാങ്കുകളുടെ മൊത്തം വായ്പയിൽ നല്ലൊരു ശതമാനവും ഈ രംഗത്താണ്. വ്യക്തിഗത വായ്പകളുടെ വിതരണത്തിൽ മുൻവഷത്തേക്കാൾ 25 ശതമാനത്തിലധികം വളർച്ചയാണുണ്ടായത്. മറ്റു വായ്പകളിൽ പത്ത് മുതൽ 15 ശതമാനം വളർച്ച മാത്രമുള്ളപ്പോഴാണ് വ്യക്തിഗത വായ്പകളുടെ വിതരണത്തിൽ മികച്ച വർദ്ധനയുണ്ടാകുന്നത്.
ഭവന വായ്പയെടുത്തവരെ ബാധിക്കില്ല
വ്യക്തിഗത വായ്പകളുടെ വിതരണത്തെ മാത്രമാണ് റിസർവ് ബാങ്കിന്റെ പുതിയ നയം ബാധിക്കുക. അതിനാൽ ഭവന, വാഹന, വിദ്യാഭ്യാസ, സ്വർണ പണയ വായ്പകളുടെ പലിശയിൽ മാറ്റമുണ്ടാകില്ല.
തിരിച്ചടവ് മുടങ്ങുമെന്ന് ആശങ്ക
സാമ്പത്തിക അരക്ഷിതത്വം നേരിടുന്നവരാണ് ചെറു വായ്പകൾ വലിയ പലിശ നിരക്ക് നൽകി വാങ്ങുന്നത്. അതിനാൽ ഈ വായ്പകളുടെ തിരിച്ചടവ് മുടങ്ങാൻ സാധ്യതയേറെയാണെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |