റിപ്പോ 6.5 ശതമാനമായി നിലനിറുത്തി റിസർവ് ബാങ്ക്
കൊച്ചി: പലിശ നിരക്കിൽ ഡിസംബറിൽ കുറവുണ്ടാകുമെന്ന സൂചനകളുമായി റിസർവ് ബാങ്ക് ധനനയം പ്രഖ്യാപിച്ചു. ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിറുത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം മുഖ്യ പലിശ നിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. നാണയപ്പെരുപ്പ ഭീഷണി ശക്തമാണെങ്കിലും ധന നയ നിലപാട് ന്യൂട്രലിലേക്ക് മാറ്റുകയാണെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു. നയ രൂപീകരണ സമിതിയിൽ പുതിയ മൂന്ന് സ്വതന്ത്ര അംഗങ്ങൾ ചുമതലയെടുത്തതിന് ശേഷമുള്ള ആദ്യ നയ പ്രഖ്യാപനത്തിൽ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം(ജി.ഡി.പി) 7.2 ശതമാനം വളർച്ച നേടുമെന്നും വിലയിരുത്തുന്നു. ഡിസംബറിൽ നടക്കുന്ന അടുത്ത ധന അവലോകന നയത്തിൽ മുഖ്യ പലിശ നിരക്ക് കാൽ ശതമാനം മുതൽ അര ശതമാനം വരെ റിസർവ് ബാങ്ക് കുറച്ചേക്കും.
വായ്പാ ഭാരം കുറയില്ല
റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തതിനാൽ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് ഉപഭോക്താക്കൾ പലിശ ഭാരം കുറയാൻ ഇനിയും കാത്തിരിക്കണം. ഉത്സവ കാലയളവിൽ വിപണിയിൽ ഉണർവ് സൃഷ്ടിക്കാൻ പലിശയിലെ ഇളവ് സഹായിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. ഇതോടൊപ്പം ബാങ്ക് നിക്ഷേപങ്ങൾ ആകർഷകമായി തുടരും. വിപണിയിൽ പണ ലഭ്യത കുറവായതിനാൽ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നേരിയ തോതിൽ വർദ്ധിപ്പിച്ചേക്കും.
ഉപഭോക്‌തൃ സംരക്ഷണത്തിന് ഊന്നൽ
ഇത്തവണത്തെ ധന നയത്തിൽ ബാങ്കിംഗ് രംഗത്ത് കൂടുതൽ സുതാര്യതയും ഉപഭോക്തൃ സംരക്ഷണവും ഉറപ്പുവരുത്തുന്ന ശക്തമായ നടപടികൾക്ക് റിസർവ് ബാങ്ക് തുടക്കമിട്ടു. പലിശ നിശ്ചയിക്കുന്നതിലും വായ്പാ കാലയളവിലെ തട്ടിപ്പുകളും ഒഴിവാക്കാൻ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് കർശന നിർദേശം നൽകി.
ഉപഭോക്താക്കൾ നിശ്ചിത കാലയളവിന് മുമ്പ് വായ്‌പ തിരിച്ചടയ്ക്കുമ്പോൾ പിഴത്തുക ഈടാക്കരുതെന്ന് ബാങ്കുകൾക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം
ഉത്തരവാദിത്ത വായ്പാ മാനദണ്ഡം ഒരുക്കണമെന്ന് ബാങ്കുകൾക്ക് നിർദ്ദേശം
യു.പി.ഐ വൺ ത്രി പേയിൽ അയക്കാവുന്ന തുകയുടെ പരിധി അയ്യായിരത്തിൽ നിന്ന് പതിനായിരമായി ഉയർത്തി.
യു.പി.ഐ ലൈറ്റ് വാലറ്റിലൂടെ അയക്കാവുന്ന തുക രണ്ടായിരത്തിൽ നിന്ന് അയ്യായിരം രൂപയാകും.
ആർ.ടി.ജി.എസ്, നെഫ്‌റ്റ് എന്നിവയിലൂടെ പണം അയക്കുമ്പോൾ തുക ലഭിക്കുന്ന ഉപഭോക്താവിന്റെ പേര് ഉറപ്പാക്കാനാകുന്ന സംവിധാനം ഏർപ്പെടുത്തും.
പ്രതീക്ഷിച്ചതുപോലെ അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റം വരുത്താതെയാണ് പണനയം പ്രഖ്യാപിച്ചത്. പണപ്പെരുപ്പം നിയന്തിക്കുന്നതിനുള്ള റിസർവ് ബാങ്കിന്റെ നടപടികൾ ശരിയായ ദിശയിലാണ് മുന്നോട്ട്‌പോകുന്നത്. നിയന്ത്രണ നടപടികൾ ഫലപ്രദമായാൽ, നിരക്കുകളിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യത്തിന് അനുസരിച്ച് പലിശനിരക്കിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന 'ന്യൂട്രൽ' നിലപാടാണ് പണനയസമിതി കൈകൊണ്ടത്. ഉത്സവനാളുകളും കാർഷിക വിപണിയിലെ ഉണർവും സമ്പദ്ഘടനയ്ക്ക് ഗുണമാകുമെന്നാണ് ആർബിഐ കരുതുന്നത്.
വിനോദ് ഫ്രാൻസിസ്,
ജി.എം ആൻഡ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ,
സൗത്ത് ഇന്ത്യൻ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |