
ഓഹരികളും രൂപയും കുതിച്ചുയർന്നു
കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ രാജ്യത്തെ ഓഹരി, നാണയ വിപണികൾ ശക്തമായി തിരിച്ചുകയറി. അമേരിക്കയിൽ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതും ക്രൂഡോയിൽ വിലയിലെ ഇടിവുമാണ് നിക്ഷേപകർക്ക് ആവേശം പകർന്നത്. നേരിയ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിലേക്ക് പണമൊഴുക്കിയതും അനുകൂലമായി. നാല് ദിവസത്തെ ഇടിവിന് വിരാമമിട്ട് മുഖ്യ ഓഹരി സൂചികകൾ ഇന്നലെ മികച്ച നേട്ടമുണ്ടാക്കി. സെൻസെക്സ് 447.55 പോയിന്റ് ഉയർന്ന് 84,929.36ൽ അവസാനിച്ചു. നിഫ്‌റ്റി 150.85 പോയിന്റ് ഉയർന്ന് 25,966.40ൽ എത്തി. ജപ്പാൻ മുഖ്യ പലിശ നിരക്ക് 0.75 ശതമാനം വർദ്ധിപ്പിച്ചതും അമേരിക്കയിൽ നാണയപ്പെരുപ്പം കുറഞ്ഞതും ആഗോള വിപണികളെ ആവേശത്തിലാക്കി.
ക്രൂഡോയിൽ വില കുത്തനെ താഴ്ന്നതും കോർപ്പറേറ്റ് കമ്പനികൾ ഡോളർ വിറ്റഴിച്ചതും രൂപയ്ക്ക് ഇന്നലെ കരുത്ത് പകർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 54 പൈസ ഉയർന്ന് 89.66ൽ വ്യാപാരം പൂർത്തിയാക്കി. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതും നേട്ടമായി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 59 ഡോളറിലും താഴെയെത്തി.
രൂപ@89.66
വിദേശ നാണയ ശേഖരത്തിൽ വർദ്ധന
സ്വർണ വിലയിലെ വർദ്ധനയുടെ കരുത്തിൽ ഡിസംബർ 12ന് അവസാനിച്ച വാരത്തിൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരം 168 കോടി ഡോളർ ഉയർന്ന് 68,894 കോടി ഡോളറിലെത്തി. ഡോളർ, യൂറോ, പൗണ്ട് തുടങ്ങിയ വിദേശ നാണയങ്ങളുടെ മൂല്യം 91 കോടി ഡോളർ ഉയർന്ന് 55,779 കോടി ഡാേളറായി. സ്വർണത്തിന്റെ മൂല്യം 76 കോടി ഡോളർ വർദ്ധിച്ച് 10,774 കോടി ഡോളറെന്ന റെക്കാഡിട്ടു.
ഇന്ത്യയുടെ വിദേശ നാണയ ശേഖരം
68,894 കോടി ഡോളർ
പ്രത്യക്ഷ നികുതി വരുമാനത്തിൽ കുതിപ്പ്
നടപ്പു സാമ്പത്തിക വർഷത്തിൽ ആദ്യ ഒൻപതു മാസത്തിൽ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം എട്ടു ശതമാനം ഉയർന്ന് 17.05 ലക്ഷം കോടി രൂപയിലെത്തി. കോർപ്പറേറ്റ് നികുതിയിലെ കുതിപ്പും റീഫണ്ടുകൾ കുറഞ്ഞതുമാണ് അനുകൂലമായത്. അറ്റ കോർപ്പറേറ്റ് നികുതി 8,17,310 കോടി രൂപയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |