കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാപ്പാലിൽ നിർമ്മിക്കുന്ന വീഗൻ ഐസ്ഡ്ക്രീം വിപണിയിലിറക്കാൻ വെസ്റ്റ ഒരുങ്ങുന്നു. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാൽ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് വീഗൻ ഐസ്ഡ്ക്രീം. മുംബയ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ വീഗൻ ഐസ്ഡ് ക്രീം നിർമ്മിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തേങ്ങാപ്പാൽ ഉപയോഗിച്ച് നിർമ്മിക്കുന്നത്. ഉത്പന്നം ഫെബ്രുവരി ആദ്യവാരം പുറത്തിറക്കും. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെസ്റ്റ ബ്രാൻഡ് അംബാസഡറും അഭിനേത്രിയുമായ കല്യാണി പ്രിയദർശൻ വിപണനോദ്ഘാടനം നിർവഹിക്കും.
വെസ്റ്റ കൊക്കോ പാമെന്ന ഐസ്ഡ് ക്രീം വിവിധ രുചികളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ആറ് പതിറ്റാണ്ടായി കേരളത്തിൽ പാലുത്പ്പന്നങ്ങളും കാലിത്തീറ്റയും നിർമ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഐസ്‌ക്രീം ബ്രാൻഡാണ് വെസ്റ്റ. സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷ്യ ഉത്പന്നം വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ഇ ചെയർമാൻ ടോം ജോസ് പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും മനസിലാക്കിയാണ് പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതെന്ന് കെ.എസ്.ഇ എക്‌സിക്യുട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |