കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്‌ക്ക് കുടുംബ ബിസിനസ് സംരംഭങ്ങളുടെ പങ്ക് നിർണായകമാണെന്ന് സി.ഐ.ഐയുടെ മുൻ പ്രസിഡന്റും ടി.വി.എസ് സപ്ലൈ ചെയിൻ സൊല്യുഷൻസിന്റെ എക്‌സിക്യുട്ടീവ് ചെയർമാനുമായ ആർ. ദിനേശ് പറഞ്ഞു. കൊച്ചിയിൽ കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്‌ട്രി (സി.ഐ.ഐ) സംഘടിപ്പിച്ച കേരള ഫാമിലി ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) 70ശതമാനം സംഭാവനയും കുടുംബ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളിൽ നിന്നാണ്. രാജ്യത്തെ മൊത്തം ബിസിനസുകളിൽ 80ശതമാനവും ഇവയാണ്. രാജ്യത്തെ തൊഴിൽ മേഖലയിൽ 60 ശതമാനം പേർക്ക് തൊഴിൽ നൽകുന്നതും കുടുംബ ബിസിനസുകളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംരംഭങ്ങൾ സമകാലിക വെല്ലുവിളികളെയും അവസരങ്ങളെയും അഭിമുഖീകരിക്കുമ്പോൾ, പ്രൊഫഷണലൈസേഷൻ, സാങ്കേതികവിദ്യയുടെ സ്വീകരണം, ആസൂത്രണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സി.ഐ.ഐ ദക്ഷിണേന്ത്യൻ മേഖല ചെയർപേഴ്‌സണും ചന്ദ്ര ടെക്‌സ്‌റ്റൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ഡോ. ആർ. നന്ദിനി പറഞ്ഞു.
ലോകത്തിലെ കുടുംബ ബിസിനസ്സുകളുടെ മൂന്നാമത്തെ വലിയ കേന്ദ്രം ഇന്ത്യയാണെന്ന് ഗ്രാൻഡ് തോൺട്രൺ ഭാരത് എൽ.എൽ.പിയിലെ പങ്കാളിയും ഫാമിലി ഓഫീസ് ലീഡറുമായ പല്ലവി ജോഷി ബഖ്രു പറഞ്ഞു.
നെതർലാൻഡ്‌സ്, പോളണ്ട്, ജർമ്മനി, സ്വീഡൻ, ഫിൻലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള 12 അംഗ അന്താരാഷ്ട്ര പ്രതിനിധി സംഘം കോൺക്ലേവിൽ പങ്കെടുത്തു. കുടുംബ സംരംഭങ്ങളെ രൂപപ്പെടുത്തുന്നതിൽ നവീകരണത്തിന്റെയും സുസ്ഥിരതയുടെയും നിർണായക പങ്ക് പരിപാടിയിലെ വിവിധ സെഷനുകൾ ചർച്ച ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |