ധന അനിശ്ചിതത്വങ്ങൾ ഒഴിയുമെന്ന് പ്രതീക്ഷ
കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും ഇന്ത്യൻ ഓഹരി വിപണി മുന്നേറി. ക്രൂഡോയിൽ ബന്ധിത ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസുമാണ് ഇന്നലത്തെ കുതിപ്പിന് നേതൃത്വം നൽകിയത്. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 609.86 പോയിന്റ് നേട്ടവുമായി 74,340.09ൽ എത്തി. ദേശീയ സൂചികയായ നിഫ്‌റ്റി 207.4 പോയിന്റ് ഉയർന്ന് 22544.70ൽ എത്തി. ഏഷ്യൻ പെയിന്റ്സ്, ബി.പി.സി.എൽ എന്നിവയുടെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. ആഗോള വിപണിയിൽ എണ്ണ വിലയിലുണ്ടായ ഇടിവ് രാജ്യത്തെ ഇന്ധന കമ്പനികളുടെ ലാഭ മാർജിൻ വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തുന്നത്. ചെറുകിട കമ്പനികളുടെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. റിയൽ എസ്‌റ്റേറ്റ് ഒഴികെയുള്ള പ്രധാന സൂചികകൾ നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി.
ഒരിടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ വിപണിയിൽ നിക്ഷേപം വർദ്ധിപ്പിച്ചതും വിപണിക്ക് കരുത്തായി. കടപ്പത്രങ്ങൾ വാങ്ങിയും ഡോളർ സ്വാപ്പിംഗിലൂടെയും ഇന്ത്യൻ ബാങ്കിംഗ് സിസ്റ്റത്തിൽ 1.9 ലക്ഷം കോടി രൂപ അധികമായെത്തിക്കുമെന്ന റിസർവ് ബാങ്കിന്റെ പ്രഖ്യാപനവും നിക്ഷേപകർക്ക് ആവേശമായി. ഇതോടെ ധനകാര്യ മേഖലയിലെ ഓഹരികളും കുതിച്ചു.
രൂപയ്ക്ക് സമ്മർദ്ദം
റിസർവ് ബാങ്ക് ഡോളർ സ്വാപ്പിംഗിന് ഒരുങ്ങുന്നതിന് മുന്നോടിയായി നിക്ഷേപകർ കരുതലെടുത്തത്തോടെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ രൂപ ഇന്നലെ ആറ് പൈസ നഷ്‌ടവുമായി 87.12ൽ അവസാനിച്ചു. ആഗോള വ്യാപാര യുദ്ധം ശക്തിയാർജിക്കുന്നതിനാൽ വിദേശ ഫണ്ടുകൾ നാണയ വിപണിയിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയാണ്.
എണ്ണവില മൂക്കുകുത്തുന്നു
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക് വിൽപ്പന വർദ്ധിപ്പിക്കുമെന്ന് വ്യക്തമാക്കിയതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ആറ് മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 69.65 ഡോളറിലേക്കാണ് താഴ്‌ന്നത്. അടുത്ത രണ്ട് വർഷത്തേക്ക് പ്രതിദിനം 22 ലക്ഷം ബാരൽ ക്രൂഡ് വിപണിയിലെത്തിക്കാനാണ് ഒപ്പെക്ക് ആലോചിക്കുന്നത്. ഇതോടൊപ്പം അമേരിക്ക കൂടുതലായി ക്രൂഡോയിൽ വിൽപ്പന നടത്തുന്നതും വില ഇടിച്ചു.
ഉക്രയിൻ യുദ്ധത്തിന് ശേഷം ഇന്ത്യ റഷ്യയിൽ വാങ്ങിയത്
1.5 ലക്ഷം കോടി രൂപയുടെ
ക്രൂഡോയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |