റിപ്പോ 5.5 ശതമാനമായി നിലനിറുത്തി
കൊച്ചി: നാണയപ്പെരുപ്പം ഉയരാനുള്ള സാദ്ധ്യതയും സാമ്പത്തിക മേഖലയിലെ ഉണർവും കണക്കിലെടുത്ത് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ധന നയം പ്രഖ്യാപിച്ചു. അമേരിക്കയുടെ തീരുവ വർദ്ധന നടപടിയുടെ ഭവിഷത്തുകൾ മറികടക്കാൻ ജി.എസ്.ടിയിലെ ഇളവ് മതിയാവില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹാേത്ര പറഞ്ഞു. റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ 5.5 ശതമാനമായി തുടരും. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം മുഖ്യ പലിശ നിരക്ക് റിസർവ് ബാങ്ക് ഒരു ശതമാനം കുറച്ചിരുന്നു.
ധന നിപാട് ന്യൂട്രലായി തുടരുമെന്നും തിരക്കിട്ട് പലിശയിൽ മാറ്റം വരുത്തില്ലെന്നും സഞ്ജയ് മൽഹോത്ര പറഞ്ഞു. നടപ്പു സാമ്പത്തിക വർഷം 6.8 ശതമാനം വളർച്ച ജി.ഡി.പിയിലുണ്ടാകുമെന്നും ധന നയത്തിൽ വ്യക്തമാക്കി. രാജ്യാന്തര വ്യാപാരങ്ങളിൽ രൂപ വ്യാപകമായി ഉപയോഗിക്കാനായി പുതിയ നയം രൂപീകരിക്കുമെന്നും ഗവർണർ പറഞ്ഞു. വിദേശ നാണയ ആശ്രയത്വം കുറയ്ക്കാനും ആഭ്യന്തര നാണയത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനും രൂപയ്ക്ക് പിന്തുണ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |