ജീവനക്കാരുടെ മാതാപിതാക്കൾ ആഘോഷത്തിൽ അതിഥികളായി
ഷാർജ: യു.എ.ഇ എലൈറ്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ ഓണം, ബക്രീദ്, ക്രിസ്‌മസ് ആഘോഷ പരിപാടിയായ “എലൈറ്റ് ഫെസ്റ്റ് 2025” അജ്മാൻ കൾച്ചറൽ സെന്ററിൽ നടന്നു. വിവിധ രാജ്യങ്ങളിലെ രണ്ടായിരത്തിലധികം ജീവനക്കാർ പങ്കെടുത്തു. ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര താരം കാവ്യ മാധവൻ മുഖ്യാതിഥിയായി. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന എട്ട് ജീവനക്കാരുടെ മാതാപിതാക്കളെ ചടങ്ങിൽ ആദരിച്ചു. എട്ട് വർഷത്തിനിടെ ഇന്ത്യയിലെ അറുപതിലധികം ജീവനക്കാരുടെ കുടുംബാംഗങ്ങളെ യു.എ.ഇയിൽ ആദരിച്ചിട്ടുണ്ട്. 2017ലാണ് പദ്ധതി തുടങ്ങിയത്. മക്കളുടെ ജോലി സാഹചര്യങ്ങൾ രക്ഷിതാക്കളെ മനസിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എലൈറ്റ് ഗ്രൂപ്പ് സ്ഥാപകൻ ആർ. ഹരികുമാർ പറഞ്ഞു. പ്രത്യേകിച്ച് മാനദണ്ഡമൊന്നുമില്ലാതെ അപേക്ഷിക്കുന്ന എല്ലാവരെയും പരിഗണിക്കും. രക്ഷിതാക്കളുടെ യാത്രാചെലവ്, വിസ, താമസസൗകര്യം, ഗൾഫിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനുള്ള ചെലവ് എന്നിവ കമ്പനി വഹിക്കും. കൂടാതെ ഒരു പവൻ സ്വർണം സമ്മാനിക്കും. കാവ്യ മാധവൻ, ഡോ. അബ്ദുസമദ് സമദാനി, ആർ. ഹരികുമാർ, കലാ ഹരികുമാർ, എലൈറ്റ് ക്ലബ് ഭാരവാഹികളായ ഉഷാ മേനോൻ, തൻസി, ഷർമി എന്നിവർ ജീവനക്കാരുടെ രക്ഷിതാക്കളെ പൊന്നാട അണിയിച്ച് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |