രാവിലെ കുതിച്ച വില വൈകിട്ട് മൂക്കുകുത്തി
കൊച്ചി: സ്വർണ വിലയിലെ കനത്ത ചാഞ്ചാട്ടം ഉപഭോക്താക്കൾക്ക് ആശങ്ക സൃഷ്‌ടിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ കയറ്റിറക്കങ്ങൾ പതിവായതോടെ നിക്ഷേപകരും കരുതലോടെയാണ് നീങ്ങുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്നലെ സ്വർണ വില രാവിലെ കുതിച്ചുയർന്നതിന് ശേഷം ഉച്ചയ്ക്ക് മൂക്കുകുത്തി. തിങ്കളാഴ്ച രാജ്യാന്തര വില ഔൺസിന് 3,355 ഡോളറായിരുന്നത് ഇന്നലെ നൂറ് ഡോളർ ഇടിഞ്ഞ് 3,252 ഡോളറിലെത്തി. ഇതോടെ
രാവിലെ പവന് 1,520 രൂപ വർദ്ധിച്ച പവൻ വില ഉച്ചയ്ക്ക് ശേഷം 1,600 രൂപ കുറഞ്ഞു ഇതോടെ പവന് 95,760 രൂപയായി. ഗ്രാമിന്റെ വില 11,970 രൂപയാണ്.
വ്യാപാര സംഘർഷങ്ങൾ മയപ്പെട്ടതും ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചതും സ്വർണത്തിന് പ്രതികൂലമായി. ചൈനയും അമേരിക്കയും വ്യാപാര കരാറിൽ ഒപ്പുവച്ചേക്കുമെന്ന വാർത്തകളാണ് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചത്. ലാഭമെടുക്കാൻ നിക്ഷേപകർ വിൽപ്പന സമ്മർദ്ദം സൃഷ്‌ടിച്ചതും വിലത്തകർച്ച രൂക്ഷമാക്കി.
തിരുത്തൽ ശക്തമായേക്കും
അമേരിക്കയിലെ ഷട്ട്‌ഡൗൺ താമസിയാതെ ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിക്കുമെന്ന വാർത്തകളും സ്വർണത്തിന് തിരിച്ചടിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വില ഇനിയും കുറയാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു.
സ്വർണാഭരണ വിൽപ്പനയ്ക്ക് വിനയാകുന്നു
വിലയിലെ കനത്ത ചാഞ്ചാട്ടം ദീപാവലി കാലയളവിൽ ജുവലറികളുടെ വിൽപ്പനയെ പ്രതികൂലമായി ബാധിച്ചെന്ന് വ്യാപാരികൾ പറയുന്നു. രാവിലെയും വൈകിട്ടും വലിയ ചാഞ്ചാട്ടം വിലയിലുണ്ടാകുന്നതിനാൽ ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം മാറ്റുകയാണ്. പുതിയ സാഹചര്യത്തിൽ ആഭരണങ്ങളായും നാണയങ്ങളായും വാങ്ങുന്നതിന് പകരം ഉപഭോക്താക്കൾ ഡിജിറ്റൽ സ്വർണമാണ് വാങ്ങുന്നത്. എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ, ഗോൾഡ് ഫണ്ട്‌സ് ഒഫ് ഫണ്ട്‌സ് എന്നിവയിലേക്കാണ് പ്രധാനമായും നിക്ഷേപം ഒഴുകിയെത്തുന്നത്. ശുദ്ധത, സുരക്ഷിതത്വം, പണിക്കൂലി എന്നിവയെ കുറിച്ച് ആശങ്കയില്ലാതെ നിക്ഷേപകർക്ക് സ്വർണം വാങ്ങാമെന്നതാണ് പ്രധാന ആകർഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |