
രൂപയുടെ മൂല്യത്തകർച്ച ചെലവ് വർദ്ധിപ്പിക്കുന്നു
കൊച്ചി: ഡോളറിനെതിരെ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച വിദേശ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ വലയ്ക്കുന്നു. ഡോളർ കരുത്താർജിച്ചതോടെ പഠന ഫീസ്, താമസം, വാടക എന്നീ ഇനങ്ങളിൽ അധിക തുക ചെലവാകുന്നതാണ് രക്ഷിതാക്കളെ വലയ്ക്കുന്നത്. നടപ്പുവർഷം മാത്രം രൂപയുടെ മൂല്യത്തിൽ അഞ്ച് ശതമാനം ഇടിവുണ്ടായി. വിദേശത്ത് പഠനത്തിനായി വിദ്യാർത്ഥികൾ രൂപ വിദേശ നാണയമാക്കി മാറ്റേണ്ടതുണ്ട്. രൂപ തുടർച്ചയായി ദുർബലമാകുന്നതിനാൽ ഡോളറും പൗണ്ടും യൂറോയും വാങ്ങുന്നതിന് ഓരോ മാസവും അധിക തുക ചെലവഴിക്കേണ്ടി വരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.
വിദേശത്ത് പഠിക്കുന്നതിന് വായ്പയെടുത്തവർക്കും വലിയ തിരിച്ചടിയാണ് കഴിഞ്ഞ വർഷങ്ങളിലുണ്ടായത്.
വിദേശ നാണയത്തിലെ വായ്പകൾ തിരിച്ചടക്കുമ്പോൾ പലിശയ്ക്ക് പുറമേ രൂപയുടെ മൂല്യയിടിവിന് അനുസരിച്ചുള്ള അധിക തുകയും മുടക്കണം.
പുതുതായി പ്രവേശനം നേടുന്നവർക്കും നിലവിൽ വിദേശത്ത് പഠിക്കുന്നവർക്കും രൂപയുടെ മൂല്യത്തകർച്ച കനത്ത ബാദ്ധ്യതയാണ് സൃഷ്‌ടിക്കുന്നത്. ജീവിത ചെലവേറിയതോടെ പല വിദ്യാർത്ഥികളും ബാങ്കുകളിൽ നിന്ന് ടോപ്പ് അപ്പ് വായ്പയെടുക്കുകയാണ്. ട്യൂഷൻ ഫീസ്, താമസ, ജീവിത ചെലവ് എന്നിവ മുതൽ യാത്രയ്ക്കും മൊബൈൽ ഫോൺ ഉപയോഗത്തിന് വരെ ചെലവ് ഗണ്യമായി കൂടുകയാണ്.
മൂന്ന് വർഷം, ചെലവിൽ 10% വർദ്ധന
2022ൽ ഒരു ഡോളർ വാങ്ങുന്നതിന് 80 രൂപയായിരുന്നു ചെലവ്. ഇപ്പോൾ ഒരു ഡോളറിന് 90 രൂപ നൽകണം. അമേരിക്കയിൽ പ്രതിവർഷം 60,000 ഡോളർ ഫീസുള്ള ഒരു കോഴ്‌സിന് മൂന്ന് വർഷം മുൻപുള്ള ചെലവ് 48 ലക്ഷം രൂപയായിരുന്നുവെങ്കിൽ നിലവിലെ മൂല്യമനുസരിച്ച് രക്ഷിതാവ് 54 ലക്ഷം രൂപ മുടക്കണം.
പ്രധാന ബാദ്ധ്യതകൾ
ട്യൂഷൻ ഫീസ്
ലൈബ്രറി ഫീസ്
താമസച്ചെലവ്
യാത്രാച്ചെലവ്
എങ്ങനെ ചെലവ് നിയന്ത്രിക്കാം
രൂപയുടെ മൂല്യത്തകർച്ച മറികടക്കുന്നതിന് വിദ്യാർത്ഥികൾക്ക് സന്തുലിത സമീപനം സ്വീകരിക്കാം. നിത്യ ചെലവുകൾക്ക് ഫോറക്‌സ് കാർഡ് ഉപയോഗിക്കുന്നതാണ് അഭികാമ്യം. ട്യൂഷൻ ഫീ വയർ ട്രാൻസ്‌ഫർ വഴി കൈമാറണം. അടിയന്തര ആവശ്യങ്ങൾക്കായി ഒരു തുക പണമായി കൈയിൽ കരുതണം. പഠിക്കുന്ന രാജ്യത്ത് സ്വന്തം അക്കൗണ്ട് തുറക്കുന്നതും നല്ലതാണ്.
വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ
18 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |