SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.38 PM IST

ഈടില്ലാത്ത ലോണ്‍ പദ്ധതിയുമായി ഈ ബാങ്ക്; ലഭിക്കാന്‍ യോഗ്യത ഇക്കൂട്ടര്‍ക്ക്

Increase Font Size Decrease Font Size Print Page
loan

കൊച്ചി: 2047ല്‍ ഇന്ത്യയെ 'വികസിത ഭാരതം' ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം മുന്‍നിര്‍ത്തി കയറ്റുമതി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ രണ്ട് പുതിയ വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ചു. 'യൂണിയന്‍ നിര്യാത് സുഗം', 'യൂണിയന്‍ നിര്യാത് പ്രോത്സാഹന്‍ യോജന' എന്നീ പേരുകളിലുള്ള ഈ പദ്ധതികളിലൂടെ ഈട് ഇല്ലാതെ തന്നെ കയറ്റുമതിക്കാര്‍ക്ക് പ്രവര്‍ത്തന മൂലധനം ലഭ്യമാകും.

മാനുഫാക്ചറിംഗ് മേഖലയിലെ കയറ്റുമതിക്കാര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത യൂണിയന്‍ നിര്യാത് സുഗത്തിലൂടെ 80 കോടി രൂപ വരെ വായ്പ ലഭിക്കും. വ്യാപാരികള്‍, രത്‌നം, ആഭരണം, ഇരുമ്പയിര്‍ മേഖലയിലുള്ളവര്‍ എന്നിവരൊഴികെ എം.എസ്.എം.ഇ വിഭാഗത്തിലും അല്ലാത്തവരുമായ എല്ലാ ഉത്പ്പാദകര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താം. മൈക്രോ, സ്മോള്‍ വിഭാഗത്തിലുള്ള കയറ്റുമതിക്കാര്‍ക്ക് 10 കോടി രൂപ വരെ ഈടില്ലാതെ വായ്പ നല്‍കുന്നതാണ് 'യൂണിയന്‍ നിര്യാത് പ്രോത്സാഹന്‍ യോജന'.

ഇതില്‍ വ്യാപാരികള്‍ക്കും രത്‌ന-ആഭരണ മേഖലയിലുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബാഹ്യ ബെഞ്ച്മാര്‍ക്കുകളുമായി ബന്ധിപ്പിച്ച ആകര്‍ഷകമായ പലിശ നിരക്കുകളില്‍ രൂപയിലും വിദേശ നാണയത്തിലും വായ്പ ലഭ്യമാകും. നിലവില്‍ ഇന്ത്യയിലെ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ കയറ്റുമതി വായ്പാ വിഹിതത്തില്‍ 10 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്താണ് യൂണിയന്‍ ബാങ്ക്.

TAGS: BUSINESS, LOAN, BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY