
കൊച്ചി: ചൂരയ്‌ക്കും കടൽപ്പായലിനും അലങ്കാര മത്സ്യങ്ങൾക്കും പ്രശസ്‌തമായ ലക്ഷദ്വീപിലെ മത്സ്യമേഖലയ്‌ക്കായി വൻപദ്ധതികളൊരുങ്ങുന്നു. 500 കോടിയിലേറെ രൂപയുടെ നിക്ഷേപ വാഗ്ദാനം യാഥാർത്ഥ്യമാക്കാൻ ഏകജാലകസംവിധാനം നടപടികളുൾപ്പടെ ഫിഷറീസ് വകുപ്പ് ആരംഭിച്ചു.
ലക്ഷദ്വീപ് ഭരണകൂടം സംഘടിപ്പിച്ച നിക്ഷേപസംഗമത്തിൽ ചൂര, ആഴക്കടൽ മത്സ്യബന്ധനം, കടൽപ്പായൽ, അലങ്കാര മത്സ്യബന്ധനം തുടങ്ങിയ മേഖലകളിൽ നിക്ഷേപകർ താത്പര്യം അറിയിച്ചു. ഫിഷറീസ് വകുപ്പ്, കൊച്ചിയിലെ മത്സ്യഗവേഷണ സ്ഥാപനങ്ങളായ സി.എം.എഫ്.ആർ.ഐ., സിഫ്‌റ്റ് തുടങ്ങിയവയുടെ പിന്തുണയോടെയാണ് സംഗമം സംഘടിപ്പിച്ചത്. 22 നിക്ഷേപകരുമായി തുടർനടപടികളാരംഭിച്ചതായി ലക്ഷദ്വീപ് ഫിഷറീസ് ഓഫീസർ ബി.ജബ്ബാർ പറഞ്ഞു. മത്സ്യസമ്പത്ത് ഫലപ്രദമായി വിനിയോഗിച്ച് കയറ്റുമതി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 16ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾക്ക് അനുമതിയും നൽകിയിട്ടുണ്ട്.
വേണം ചരക്ക് കപ്പൽ
ലക്ഷദ്വീപിനെ വൻകരയെ ബന്ധിപ്പിക്കുന്ന ചരക്കുകപ്പലുകളും ചരക്കുവിമാനങ്ങളുമില്ല. കൊച്ചി, കോഴിക്കോട്, മംഗലാപുരം തുറമുഖങ്ങളെ ബന്ധിപ്പിച്ച് സ്വകാര്യ കപ്പലുകൾക്ക് അംഗീകാരം നൽകുകയോ സർക്കാർ സർവീസ് ആരംഭിക്കുകയോ ചെയ്യണം.
ചൂര (ട്യൂണ)
ട്യൂണയുടെ സമ്പന്നശേഖരം ലക്ഷദ്വീപിലുണ്ട്. 15,000 ടൺ മാത്രമാണ് നിലവിലെ ഉത്പാദനം. ഒരുലക്ഷം ടണ്ണാണ് സാദ്ധ്യത. 'ലക്ഷദ്വീപ് സുസ്ഥിര ട്യൂണ" എന്ന പേരിൽ അന്താരാഷ്ട്ര വിപണികളിലെത്തിക്കും.
കടൽപ്പായൽ
4200 ചതുരശ്ര കിലോമീറ്ററിലധികം കായൽപ്രദേശം കടൽപ്പായൽ കൃഷിക്ക് അനുയോജ്യമാണ്. കടൽപ്പായൽ ഉത്പന്നങ്ങൾക്ക് ആഗോളതലത്തിൽ ആവശ്യക്കാരേറെയാണ്. ഭക്ഷണം,ഔഷധം,സൗന്ദര്യവർദ്ധക വസ്തുനിർമ്മാണം എന്നിവയ്‌ക്കും ഉപയോഗിക്കുന്നു.
അലങ്കാര മത്സ്യങ്ങൾ
35 വർഗങ്ങളിലായി 300 ഇനം അലങ്കാര മത്സ്യങ്ങൾ ലക്ഷദ്വീപിലുണ്ട്. സുസ്ഥിര പ്രജനന സംവിധാനങ്ങളും കയറ്റുമതി സംരംഭങ്ങളും വികസിപ്പിച്ച് അക്വേറിയം, അലങ്കാരമത്സ്യ വിപണിയിൽ പ്രധാന കേന്ദ്രമാക്കാം.
പുറംകടൽ കൂടുകൃഷി
പുറംകടൽ കൂടുകൃഷിക്കായി പരീക്ഷണ പദ്ധതി വിജയമായി. പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് ആധുനിക സമുദ്രമത്സ്യകൃഷിയുടെ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം.
സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മത്സ്യബന്ധനവും വിപണനവും വ്യാപിപ്പിച്ച് ദ്വീപ് നിവാസികളുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.
ഡോ.പി.എൻ. ആനന്ദ്
മേധാവി, കൃഷി വിജ്ഞാനകേന്ദ്രം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |