
കളമശേരി: 30 കോടി രൂപയുടെ വൈദ്യുതി ചാർജ് കുടിശികയെത്തുടർന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയിലേക്കുള്ള വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു നടപടി. ഇതോടെ കമ്പനിയുടെ പ്രവർത്തനവും എച്ച്.എം.ടി ക്വാർട്ടേഴ്സുകളിലെ വൈദ്യുതി വിതരണവും പൂർണമായും നിലച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയിൽ മൂന്നു മാസമായി ശമ്പളം മുടങ്ങിയിരിക്കെയാണ് കെ.എസ്.ഇ.ബി.യുടെ നടപടി.
കേന്ദ്ര സർക്കാരിന്റെ പുനരുദ്ധാരണ പാക്കേജിൽ പ്രതീക്ഷയർപ്പിച്ചിരിക്കെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് കമ്പനിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടും. 2007 വരെയുള്ള കുടിശിക ഇനത്തിൽ 14 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നേരത്തെ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് നടന്ന വൺ ടൈം സെറ്റിൽമെന്റ് ചർച്ചയിൽ കുടിശ്ശിക 11 കോടി രൂപയായി പുനർനിർണയിച്ചു. ഇതിൽ 8.5 കോടി രൂപ മൂലധന കുടിശ്ശികയായും 2.5 കോടി രൂപ പലിശയായും വിഭജിക്കാൻ ധാരണയായിരുന്നു. പലിശ അഞ്ച് തവണകളായി അടച്ചുതീർക്കാമെന്നും ഇരുപക്ഷവും സമ്മതിച്ചിരുന്നു.
പലിശയ്ക്ക് പകരം സ്ഥലം മതിയെന്ന്
തർക്കം നീണ്ടു, പണിയായി
ധാരണപ്രകാരം 8.5 കോടി രൂപ 2008 മാർച്ചിൽ തന്നെ കെ.എസ്.ഇ.ബി.ക്ക് കൈമാറിയതായി അധികൃതർ പറഞ്ഞു. പലിശയുടെ ആദ്യ ഗഡുവായ 50 ലക്ഷം രൂപ അടുത്ത മാസം അടയ്ക്കാൻ കമ്പനി തയ്യാറായെങ്കിലും പലിശയ്ക്ക് പകരമായി സ്ഥലം കൈമാറണമെന്ന നിർദ്ദേശം കെ.എസ്.ഇ.ബി. മുന്നോട്ടുവച്ചു. ഹെഡ് ഓഫീസ് അനുമതി ലഭിച്ചാൽ സ്ഥലം നൽകാൻ തയ്യാറാണെന്ന് കമ്പനി അറിയിച്ചെങ്കിലും വില നിശ്ചയിക്കുന്നതിലെ തർക്കവും നടപടിക്രമങ്ങളിലെ വീഴ്ചയും കാരണം ഇത് നീണ്ടുപോയി. പലിശ ഇനത്തിൽ നൽകിയ 50 ലക്ഷം രൂപ, തുടർമാസങ്ങളിലെ വൈദ്യുതി ബില്ലുകളിലേക്ക് അഡ്വാൻസായി കെ.എസ്.ഇ.ബി ഏകപക്ഷീയമായി ക്രമീകരിച്ചതായും യൂണിയൻ നേതാക്കൾ ആരോപിച്ചു.
എച്ച്.എം.ടി.യുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നടപടിയിൽ ഐ.എൻ.ടി.യു.സി. വൈസ് പ്രസിഡന്റ് ലിൻസൺ, ബി.എം.എസ്. ജനറൽ സെക്രട്ടറി ശ്രീജേഷ് എന്നിവർ പ്രതിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |