
കൊച്ചി: പുനരുപയോഗ ഊർജ മേഖലയിലെ രാജ്യത്തെ മുൻനിര കമ്പനിയായ സൺടെക് എനർജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. കമ്പനിയുടെ കീഴിൽ പുറത്തിറങ്ങുന്ന ട്രൂസോൺ സോളാറിലാണ് സച്ചിൻ നിക്ഷേപം നടത്തിയത്. നിക്ഷേപ തുകയോ കൈവശപ്പെടുത്തിയ ഓഹരികളുടെ വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. 2030ഓടെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് സോളാർ കമ്പനികളിലൊന്നായി മാറാനൊരുങ്ങുന്ന ട്രൂസോൺ സോളാറിന്റെ ബിസിനസ് യാത്രയിലെ തന്ത്രപ്രധാനമായ പങ്കാളിത്തമാണ് സച്ചിനുമായി നടത്തുന്നതെന്ന് കമ്പനി അറിയിച്ചു.
വിശ്വസ്തതയുടെയും മികവിന്റെയും പ്രതീകമായ സച്ചിന്റെ നിക്ഷേപത്തോടെ ബ്രാൻഡ് മൂല്യം വർദ്ധിക്കുമെന്നാണ് കമ്പനി കരുതുന്നത്. രാജ്യമെമ്പാടും ഹരിതോർജ വിതരണം ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങളിലാണ് കമ്പനിയുടെ പ്രവർത്തനം. കേരളം, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
കേവലം നിക്ഷേപത്തിനുപരി, കമ്പനിയുടെ പ്രവർത്തനങ്ങൾക്കും ലക്ഷ്യങ്ങൾക്കും മൂല്യ ബോധങ്ങൾക്കും ലഭിച്ച അംഗീകാരമാണ് സച്ചിനുമായുള്ള നിക്ഷേപ പങ്കാളിത്തമെന്ന് ട്രൂസോൺ സോളാറിന്റെ സ്ഥാപകനും എംഡിയുമായ സി ഭവാനി സുരേഷ് അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |