
കൊച്ചി: ക്രിസ്‌മസ്, നവവത്സര, ഉത്സവകാലം സജീവമായതോടെ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിറയുന്നു. പ്രമുഖ കേന്ദ്രങ്ങളിൽ മുറികൾ കിട്ടാനില്ല. വിമാന സർവീസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉയർന്ന നിരക്കും ബാധിച്ചതാണ് തിരിച്ചടി.
ക്രിസ്‌മസും നവവത്സരവും ആഘോഷിക്കാൻ വിദേശികളും സ്വദേശികളും സംഘങ്ങളായാണ് കേരളത്തിലെത്തുന്നത്. മലബാർ മുതൽ കോവളം വരെയുള്ള സഞ്ചാരികളുടെ പ്രവാഹം മാർച്ച് വരെ നീളുമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവർ പറയുന്നത്.
കണ്ണൂർ, വയനാട്, കോഴിക്കോട്, കൊച്ചി, മൂന്നാർ, തേക്കടി, ആലപ്പുഴ, കുമരകം, വർക്കല, കൊല്ലം, തിരുവനന്തപുരം, കോവളം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ആഴ്ചകളായി വൻതിരക്കാണ്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവയിലെ ബഹുഭൂരിപക്ഷം മുറികളും ജനുവരി പകുതി വരെ പൂർണമായും ബുക്ക് ചെയ്‌തുകഴിഞ്ഞു. നവംബറിലെ സഞ്ചാരിപ്രവാഹം ഡിസംബറിൽ ഇല്ലെന്ന് സംരംഭകർ പറയുമ്പോഴും കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു.
പാക്കേജുകൾ പലവിധം
ഒമ്പത് മുതൽ 15 ദിവസം വരെ നീളുന്ന കേരളം മുഴുവൻ സന്ദർശിക്കാനുള്ള പാക്കേജ്
കൂടുതലായും ബുക്ക് ചെയ്‌തത് വിദേശികളും ഉത്തരേന്ത്യക്കാരും
കണ്ണൂരിലോ കോഴിക്കോട്ടോ വിമാനമിറങ്ങി മലബാർ സന്ദർശിച്ച്, കൊച്ചി, മൂന്നാർ, തേക്കടി, കുമരകം, വർക്കല, കോവളം, കന്യാകുമാരി എന്നിവിടങ്ങൾ സന്ദർശിച്ച് തിരുവനന്തപുരം വഴി മടങ്ങുന്ന പാക്കേജുകൾക്ക് പ്രിയം
വിമാന നിരക്കും റദ്ദാക്കലും തിരിച്ചടി
ഇൻഡിഗോ, എയർ ഇന്ത്യ വിമാന സർവീസുകളിലുണ്ടായ പ്രശ്‌നങ്ങൾ വിദേശ, ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയെന്ന് ടൂറിസം മേഖലയിലുള്ളവർ പറയുന്നു. വിദേശികൾ ബുക്ക് ചെയ്‌തിരുന്ന നിരവധി പാക്കേജുകൾ റദ്ദാക്കിയതായി ട്രാവൽ, ടൂറിസം ഏജൻസികൾ പറഞ്ഞു. ഡൽഹിയിലോ മുംബയിലോ വിമാനമിറങ്ങിയാൽ കേരളത്തിലെത്താൻ 45,000 രൂപ വരെയാണ് കണക്ഷൻചാർജ്.
വിമാനക്കമ്പനികൾ പെട്ടെന്ന് സർവീസുകൾ റദ്ദാക്കുന്നതും ടെർമിനലിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ഉയർന്ന നിരക്കുകൾ മൂലം വിദേശ എയർലൈനുകൾ സർവീസ് ഉപേക്ഷിക്കുന്നതും തിരിച്ചടിയാകുമെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു.
തിരക്കുണ്ടെങ്കിലും പ്രതീക്ഷിച്ച സഞ്ചാരിപ്രവാഹം സംഭവിക്കുന്നില്ല. വിമാന നിരക്ക് തടസമാണ്.
ജോസ് പ്രദീപ്
പ്രസിഡന്റ്
കേരള ട്രാവൽ മാർട്ട് സൊസൈറ്റി
സഞ്ചാരികളെയും വിമാനക്കമ്പനികളെയും നിലനിറുത്താൻ വിമാനത്താവളങ്ങൾ അടിയന്തര ഇടപെടലുകൾ നടത്തണം.
പൗലോസ് കെ. മാത്യു
കേന്ദ്ര സമിതി അംഗം
ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ
ഉത്സവകാലത്ത് സഞ്ചാരികളുടെ പ്രവാഹമുണ്ടെങ്കിലും കൂടുതൽ സേവനങ്ങൾ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.
മറിയാമ്മ ജോസ്
സംസ്ഥാന പ്രസിഡന്റ്
ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |